
കൊല്ലം: തീയായി പടർന്ന ദുരന്തത്തെ അതിജീവിക്കാൻ കുട്ടികൾക്കൊപ്പം ചേരുകയാണ് ജില്ലാ ശിശുക്ഷേമസമിതി. ചിറ്റുമല ദേവീക്ഷേത്രത്തിന് പിന്നിൽ കാഞ്ഞിരംവിള തെക്കതിൽ താമസിച്ചിരുന്ന കാർത്തിക്കിന്റെയും കൃഷ്ണവേണിയുടെയും വീട് കഴിഞ്ഞ ഡിസംബർ 31ന് തീപിടിത്തത്തെ തുടർന്ന് കത്തിനശിച്ച പശ്ചാത്തലത്തിലാണ് ഇടപെടൽ.
തുടർജീവിതത്തിന് കരുത്തേകുംവിധമാണ് പിന്തുണ. വീടിന്റെ പ്രമാണവും പ്രധാന രേഖകളും നശിച്ച സാഹചര്യത്തിൽ കുട്ടികളുടെ ഒരുവർഷത്തേക്കുള്ള പഠനസാമഗ്രികൾ ഉൾപ്പടെയുള്ള ചെലവുകൾ ജില്ലാ ശിശുക്ഷേമസമിതി ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക കണ്ടെത്തുന്നതെന്ന് സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് വ്യക്തമാക്കി.
കുട്ടികളുടെ അച്ഛനായ രാഹുൽരാജ് ഡ്രൈവറാണ്. അമ്മ സ്വകാര്യ കടയിലെ ജീവനക്കാരിയാണ്. നിലവിൽ നാലംഗ കുടുംബം ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തൻ, ജില്ല ശിശുക്ഷേമ സമിതി ട്രഷറർ എൻ.അജിത്ത് പ്രസാദ്, എക്സി. കമ്മിറ്റി അംഗം ആർ.മനോജ് എന്നിവരാണ് വിവരങ്ങൾ വിലയിരുത്തിയത്. ശിശുക്ഷേമ സമിതി പ്രത്യേക പദ്ധതിയിലും കുട്ടികളെ ഉൾപ്പെടുത്തി. സി.വി.കെ.എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആർ.കാർത്തിക്, എസ്.ജെ.എം എൽ.പി.എസിലെ മൂന്നാം ക്ലാസിലാണ് കൃഷ്ണവേണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |