കണ്ണൂർ: വനിതകളുടെ തൊഴിൽ പങ്കാളിത്തം ഗണ്യമായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷൻ സമഗ്ര പദ്ധതി. വിജ്ഞാന കേരളത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'ഉയരെ' ക്യാമ്പയിനിലൂടെ ജില്ലയിലെ 30,000 സ്ത്രീകൾക്ക് വൈവിധ്യമാർന്ന മേഖലകളിൽ തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യം. ഏപ്രിൽ 30 വരെ തുടരുന്ന ക്യാമ്പയിൻ ജില്ലയിൽ സാമ്പത്തിക വികസനത്തിന്റെ പുതിയ അധ്യായം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാന്ത്വന പരിചരണം, നിർമാണ മേഖല, സ്‌കിൽ അറ്റ് കോൾ, ഷോപ്പ് അറ്റ് ഡോർ, പരമ്പരാഗത തൊഴിൽ മേഖലകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും തൊഴിലവസരങ്ങൾ ഒരുക്കുന്നത്. സ്‌കിൽ അറ്റ് കോൾ പദ്ധതിയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, പെയിന്റർ, ഗാർഡനിംഗ്, ലാൻഡ് സ്‌കേപ്പിംഗ്, ലോൺഡ്രി, അയേണിംഗ് സർവീസ്, മൊബൈൽ കാർവാഷ് തുടങ്ങിയ വീടുകളുടെയും സ്ഥാപനങ്ങളുടെയും അറ്റകുറ്റപ്പണി പരിപാലന സേവനങ്ങൾ ഉൾപ്പെടുന്നു.
താൽപര്യമുള്ള മേഖലകൾ കണക്കിലെടുത്ത് കുടുംബശ്രീയുടെ എംപാനൽ ചെയ്ത സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ടുകളിലും റുഡ്‌സെറ്റിലും സമഗ്രമായ പരിശീലനം നൽകിയതിന് ശേഷമാണ് നിയമനം നടത്തുന്നത്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും മാനസികവുമായ ശാക്തീകരണം ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പങ്കാളിത്തം ഇരട്ടിയാക്കും
സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും തുല്യനീതിയും ഉറപ്പാക്കുന്ന 'ഉയരെ' പദ്ധതി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം നിലവിലെ 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നു. സ്ത്രീകൾക്കിടയിൽ സംരംഭകത്വം വളർത്തുക, ദാരിദ്ര്യ നിർമാർജനം ത്വരിതപ്പെടുത്തുക, വേതനാധിഷ്ഠിത തൊഴിലുകൾക്ക് മുൻഗണന നൽകി സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുക എന്നിവയും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.
സ്‌നേഹിത ഹെൽപ് ഡെസ്‌കിന് എട്ട് വയസ്
സ്ത്രീകൾക്കും കുട്ടികൾക്കും സമഗ്രമായ പിന്തുണ ഉറപ്പാക്കുന്ന കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക് ജില്ലയിൽ വിജയകരമായി എട്ട് വർഷം പിന്നിടുന്നു. ഈ കാലയളവിൽ 3,500ത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 716 പേർക്ക് താൽക്കാലിക സംരക്ഷണവും 164 പേർക്ക് വിവിധ കേന്ദ്രങ്ങളിലായി പുനരധിവാസവും നൽകിയിട്ടുണ്ട്. കൗൺസിലിംഗ് സേവനത്തിനായി 2,900 പേർ സ്‌നേഹിതയെ സമീപിച്ചു. ബോധവൽക്കരണത്തിനായി 5,000 വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കണ്ണൂർ തെക്കിബസാറിലാണ് സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. ബന്ധപ്പെടാൻ ഇ മെയിൽ: kannurnsehitha17@gmail.com.
ഫോൺ: 0497 2721817, 9188939700. ടോൾ ഫ്രീ: 1800 4250717.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |