കോട്ടയം: കോട്ടയവും പുതുപ്പള്ളിയും തിരിച്ചു പിടിക്കാമെന്ന ഇടത് സ്വപ്നങ്ങൾക്കേറ്റ തിരിച്ചടിയായി ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും. ഇതോടെ രണ്ട് മണ്ഡലങ്ങളിലും പൊതുസ്വതന്ത്രരുടെ സാദ്ധ്യത കൂടി സി.പി.എം പരിഗണിക്കും.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഭൂരിഭാഗം പഞ്ചായത്തുകൾ പിടിച്ചെടുത്ത സി.പി.എം നിയസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ വിറപ്പിക്കുകയും ചെയ്തു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ 37,719 വോട്ട് എന്ന റെക്കാഡ് ഭൂരിപക്ഷം സി.പി.എമ്മിനെ ഉലച്ചു. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി പഞ്ചായത്തിൽ മുഖ്യപ്രതിപക്ഷം പോലുമാവാനാതെ തരിപ്പണമായി. ഭൂരിഭാഗം പഞ്ചായത്തുകളും കൈവിട്ടു. മൂന്ന് തവണ മത്സരിച്ച സി.പി.എം നേതാവ് ജെയ്ക് സി.തോമസ് ഇനി പുതുപ്പള്ളിയിൽ മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിവിധ സി.പി.എം നേതാക്കളുടെ സാദ്ധ്യത പരിശോധിക്കുന്നുണ്ടെങ്കിലും മുൻപ് ഉമ്മൻചാണ്ടിക്കെതിരെ പരീക്ഷിച്ച പൊതുസ്വതന്ത്രൻ എന്ന നയം കൂടി സ്വീകരിക്കാനുള്ള സാദ്ധ്യത പാർട്ടി നേതൃത്വം തള്ളുന്നില്ല. പാർട്ടിയോട് അനുഭാവം പുലർത്തുന്ന സാംസ്‌കാരിക പ്രമുഖരെ ഉൾപ്പെടെ നോട്ടമിടുന്നുണ്ട്. മണ്ഡലത്തിനു പുറത്തു നിന്നുള്ളവരും പരിഗണനയിലുണ്ട്.
കോട്ടയത്തും കടുപ്പും
കോട്ടയത്തു കഴിഞ്ഞ തവണ മത്സരിച്ചത് സി.പി.എം സംസ്ഥാന സമിതി അംഗമായിരുന്ന കെ.അനിൽകുമാറായിരുന്നു. ഇത്തവണ അനിൽകുമാർ മത്സരിച്ചില്ലെങ്കിൽ ഇവിടെയും പുതുമുഖ സ്വതന്ത്രനെ പരീക്ഷിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ യു.ഡി.എഫ് നേടിയ മേൽക്കൈയാണ് സി.പി.എമ്മിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്. കഴിഞ്ഞ തവണ ഇടതു തരംഗമുണ്ടായിട്ടും തിരുവഞ്ചൂരിന്റെ ഭൂരിപക്ഷം കുറയ്ക്കാനായെങ്കിലും വരിഞ്ഞു മുറുക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിനേക്കൾ നല്ലത് പൊതുസ്വതന്ത്രനാണെന്നതാണ് നേതൃത്വത്തിന്റെ ചിന്ത. എന്നാൽ പനച്ചക്കാട് പഞ്ചായത്ത് തിരിച്ചുപിടിക്കാൻ കഴിഞ്ഞത് ആത്മസിവിശ്വാസം നൽകുന്നുണ്ട്. കോട്ടയത്ത് യുവനേതാവിനെ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.
വൈക്കത്ത് പ്രദീപ്?
ടേം നിബന്ധനയിൽ സി.കെ. ആശയ്ക്കു പകരം യുവനേതാവ് പി. പ്രദീപിനെ സി.പി.ഐ പരിഗണിച്ചേക്കും. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗമായ പ്രദീപ് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി എന്ന നിലയിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ചച്ചിരുന്നു. പാചകത്തൊഴിലാളി യൂണിയൻ നേതാവായും പ്രവർത്തിക്കുന്ന പ്രദീപാണ് യോഗ്യനെന്നാണ് വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |