
കോട്ടയം: ഒന്നാം കൃഷി നെല്ല് സംഭരിച്ചതിന്റെ കുടിശികയായി കർഷകർക്കു നൽകാനുള്ള 120 കോടി രൂപ ഇതുവരെ കൊടുത്തിട്ടില്ലെങ്കിലും രണ്ടാം കൃഷിയുടെ നെല്ല് സംഭരണ നടപടികൾ ആരംഭിച്ച് സപ്ലൈക്കോ. സംഭരണത്തിനായി മില്ലുടമകളെ അനുനയിപ്പിക്കാൻ സർക്കാർ 8-ാം തീയിതി വീണ്ടും ചർച്ചയ്‌ക്ക് വിളിച്ചിരിക്കുകയാണ്.
സർക്കാരുമായുള്ള ചർച്ച പരാജയപ്പെട്ട് മില്ലുടമകളുടെ സംഘടന നെല്ലു സംഭരണം ബഹിഷ്കരിച്ചതോടെ അഞ്ചു മില്ലുകൾ മാത്രമായിരുന്നു ഒന്നാം കൃഷിയുടെ സംഭരണത്തിനുണ്ടായിരുന്നത്.
പത്ത് കിലോ കിഴിവ് വരെ അവർ ആവശ്യപ്പെട്ടതോടെ നെല്ല് നൽകാൻ കർഷകർ വിസമ്മതിച്ചെങ്കിലും നെല്ല് കിളിർത്ത് നശിക്കുമെന്ന ഗുരുതര സ്ഥിതി മുന്നിൽ കണ്ട് പിന്നീട് മില്ലുടകൾ ആവശ്യപ്പെട്ട കിഴിവ് നൽകുകയായിരുന്നു.
എട്ടു കിലോ കിഴിവ് ആവശ്യപ്പെട്ടതിനാൽ കല്ലറയിൽ ഒമ്പതു പാടശേഖരങ്ങളിലെ 800 ടണ്ണിലധികം നെല്ല് സംഭരിക്കാതെ കിടക്കുകയാണ്. പാടത്ത്ഈർപ്പം വരാതിരിക്കാൻ പമ്പിംഗ് നടത്തിയും നെല്ലുണക്കിയും സൂക്ഷിക്കുകയാണ് കർഷകർ. മില്ലുകാർക്കു വേണ്ടി സംഭരണത്തിനെത്തുന്ന ഏജന്റുമാർ പറയുന്നതിനപ്പുറം ഇടപെടാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
ചർച്ച മുഖ്യമന്ത്രി ഇടപെട്ട്
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ സർക്കാരിന് ദോഷമാവുമെന്നതിനാൽ നെല്ല് സംഭരണ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടാണ് ഈമാസം 8ന് മില്ലുടമകളുടെ യോഗം അടിയന്തിരമായി വിളിച്ചിരിക്കുന്നത്.
100 കിലോ നെല്ല് അരിയാക്കി മാറ്റുമ്പോൾ 68 കിലോ തിരിച്ചു നൽകണമെന്നു സർക്കാർ ആവശ്യപ്പെടുമ്പോൾ 65 കിലോയിൽ താഴെ മാത്രമേ നൽകാനാവൂ എന്ന നിലപാടിൽ മില്ലുടമകൾ ഉറച്ചു നിന്നതാണ് കഴിഞ്ഞ തവണ ചർച്ച പരാജയപ്പെട്ടതും സംഭരിക്കുന്ന മില്ലുകളുടെ എണ്ണം കുറഞ്ഞതും.
പഴയ ആവശ്യത്തിൽ മില്ലുടമകൾ ഉറച്ചു നിന്നാൽ ചർച്ച പൊളിയും അടുത്ത നെല്ല് സംഭരണവും പാളും.
36311 കർഷകരിൽ നിന്ന് 91,280 മെട്രിക് ടൺ നെല്ലാണ് ഒന്നാം കൃഷിയിൽ സംഭരിച്ചത്. ഇതിന്റെ വിലയായി 274.9 കോടി രൂപ നൽകേണ്ടിടത്ത് 154.9 കോടിയാണ് ഇതു വിതരണം ചെയ്തത്.
നെല്ല് സംഭരിച്ച ദിവസം തന്നെ പണം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും 1344 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ളതിനാലാണ് വൈകുന്നത്. കേന്ദ്രം പണം തടഞ്ഞു വെച്ചിരിക്കുകയാണെങ്കിലും പ്രോത്സാഹന ബോണസായി മുൻകൂർ പണം നൽ കി നെൽക്കർഷകരെ സംസ്ഥാന സർക്കാർ നോക്കും.
ജി.ആർ.അനിൽ
ഭക്ഷ്യവകുപ്പു മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |