
ശബരിമല : മകരവിളക്കിനുണ്ടാകുന്ന തീർത്ഥാടകത്തിരക്ക് പരിഹരിക്കാൻ എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ സന്നിധാനത്ത് 1600 ഓളം പൊലീസുകാരെ നിയോഗിക്കും. ജനുവരി 14നാണ് മകരവിളക്കും സംക്രമ പൂജയും. വൈകിട്ട് 3.08 ന് സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തത്തിലാണ് സംക്രമ പൂജ.
12 മുതൽ തീർത്ഥാടകർ മകരജ്യോതി ദർശനത്തിനായി സന്നിധാനത്തെ വിവിധ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങും.
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 നാണ് ദീപാരാധന. ഈസമയം ആകാശത്ത് മകരനക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരവിളക്കും തെളിയും. 12 ന് പന്തളത്തു നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര 14 ന് വൈകിട്ട് ശരംകുത്തിയിലെത്തും. 6.15ന് പതിനെട്ടാംപടി കയറി സന്നിധാനത്തെത്തും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ 12, 13 തീയതികളിൽ നടക്കും.
തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ 500 ശുചീകരണ തൊഴിലാളികളെ അധികമായി ബോർഡ് നിയോഗിച്ചു. നിലവിലുള്ള ആയിരം വിശുദ്ധി സേന അംഗങ്ങൾക്ക് പുറമെയാണിത്. അപ്പം, അരവണ ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും നടക്കുന്നുണ്ട്.
തിരുവാഭരണ പാത
വനം മേഖലയിലുള്ള തിരുവാഭരണപാത തെളിക്കുന്ന ജോലികൾ തീർന്നു. ദർശനം കഴിഞ്ഞ് തീർത്ഥാടകരുടെ മടക്കത്തിന് കെ.എസ്.ആർ.ടി.സി പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കും. രണ്ട് എസ്.പിമാർ, 10 ഡിവൈ.എസ്.പിമാർ, 35 സി.ഐമാർ, 50 എസ്.ഐമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും തിരക്ക് നിയന്ത്രണം. തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കും. കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും. ആരോഗ്യവകുപ്പ് എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാൻ സജ്ജമായിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധനകൾ നടത്തും. പമ്പാസ്നാനത്തിന് വെള്ളം ക്രമീകരിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |