
കൊച്ചി: സൈബർ തട്ടിപ്പ് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ഗുജറാത്ത് പൊലീസുമായി ചേർന്ന് യുവാക്കളിൽ നിന്ന് 6.60 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പെരുമ്പാവൂർ കുറുപ്പംപടി സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കുറുപ്പംപടി സ്റ്റേഷനിലെ റൈറ്ററായ ഗ്രേഡ് എസ്.ഐ അബ്ദുൾ റൗഫ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീക്ക്, സഞ്ജു ജോസഫ്, സക്കീർ എന്നിവരാണ് സസ്പെൻഷനിലായത്.
ഇവർ പണം കൈപ്പറ്റിയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് ആലുവ റൂറൽ എസ്.പി എം. ഹേമലതയുടെ നടപടി.
ഗുജറാത്ത് സ്വദേശിയെ വെർച്വൽ അറസ്റ്റിന് വിധേയനാക്കിയ കേസിൽ കുറുപ്പംപടി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ഈ മാസം 4നാണ് നാലംഗ ഗുജറാത്ത് പൊലീസ് സംഘം ആലുവയിലെത്തിയത്. തുടർന്ന് കുറുപ്പംപടി പൊലീസിന്റെ സഹായത്തോടെ ഞായറാഴ്ച തന്നെ യുവാവിനെ കണ്ടെത്തി. എന്നാൽ സുഹൃത്ത് പരിചയപ്പെടുത്തിയ ആൾക്ക് ബാങ്ക് അക്കൗണ്ട് വിവരംകൈമാറുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു യുവാവിന്റെ മൊഴി.
യുവാവിന്റെ സുഹൃത്തിനെ കണ്ടെത്തിയ കുറുപ്പംപടി സ്റ്റേഷനിലെ പൊലീസുകാർ ഇരുവരും കേസിൽ പ്രതികളാണെന്നും 8 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. യുവാക്കളുടെ ബന്ധുക്കൾ ഇടപെട്ട് 6.60 ലക്ഷം രൂപ നൽകാൻ ധാരണയായി. യുവാക്കൾ 3.30 ലക്ഷം വീതം പൊലീസുകാർക്ക് കൈമാറി. ഇതിൽ 60000 രൂപ ഗുജറാത്ത് പൊലീസുകാർക്ക് നൽകിയ ശേഷം ആറ് ലക്ഷം നാല് പൊലീസ് ഉദ്യോഗസ്ഥർ വീതം വച്ചെന്നുമാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |