
തിരുവനന്തപുരം: സംസ്ഥാനത്തെ അദ്ധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ, പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളുടെ വൻ തിരക്ക്. സാധാരണ 70,000 വരെ അപേക്ഷകളുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി ഒന്നേക്കാൽ ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.
ആറു മാസം കൂടുമ്പോഴാണ് കെ-ടെറ്റ് പരീക്ഷ. കഴിഞ്ഞ തവണത്തെ പരീക്ഷകളിൽ സർക്കാർ സർവീസിലിരിക്കുന്നവർക്കും നിയമനം ലഭിക്കുന്നവർക്കും സംസ്ഥാന സർക്കാർ ഇളവുകളുണ്ടായിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇളവുകൾ റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയെങ്കിലും അദ്ധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് താത്കാലികമായി മരവിപ്പിച്ചു. നിലവിൽ സർവീസിലുള്ള അദ്ധ്യാപകരും പുതിയ ഉദ്യോഗാർഥികളും ഒരുപോലെ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതാണ് അപേക്ഷകരുടെ എണ്ണം ഇത്രയധികം വർദ്ധിക്കാൻ കാരണമായത്. സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്. സർവീസിലിരിക്കുന്ന അദ്ധ്യാപകർക്കായി പ്രത്യേക കെ-ടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ നടക്കും.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ സെർവർ തകരാറിലായത് ഉദ്യോഗാർത്ഥികളെ കടുത്ത പ്രതിസന്ധിയിലാക്കി. രാവിലെ മുതൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു.കഴിഞ്ഞ മാസം 30 വരെയായിരുന്നു കെ-ടെറ്റിന് അപേക്ഷിക്കാനുള്ള തീയതി. എന്നാൽ ഉദ്യോഗാർത്ഥികളുടെ ആവശ്യ പ്രകാരം എട്ടു വരെ നീട്ടി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |