
പെരിയ (കാസർകോട്): ശാസ്ത്രീയമായ ജീവിതരീതി അനിവാര്യതയാണെന്നും സ്വന്തം ദേശത്തിന്റെ ജീവിതരീതികൾ പിന്തുടരണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കേരള കേന്ദ്ര സർവകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനം കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന 32-ാമത് സ്വദേശി സയൻസ് കോൺഗ്രസും വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം എന്ന വിഷയത്തിലുള്ള ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി മുൻ ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായർ എന്നിവർക്ക് സ്വദേശി ശാസ്ത്ര പുരസ്‌കാരവും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ മുൻ പ്രൊഫസർ ഡോ. വി.പി.എൻ. നമ്പൂതിരിക്ക് സ്വദേശി പുരസ്‌കാരവും ഗവർണർ നൽകി. കേരള കേന്ദ്ര സർവകലാശാലയിലെ അദ്ധ്യാപകർക്ക് റിസർച്ച് പ്രൊജക്ട് അവാർഡുകളും നൽകി.
പെരിയ ക്യാമ്പസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാൻ ഭാരതി സെക്രട്ടറി ജനറൽ വിവേകാനന്ദ പൈ മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. ആർ. ജയപ്രകാശ്, ഫിനാൻസ് ഓഫീസർ ഇൻ ചാർജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, സ്വദേശി ശാസ്ത്ര പ്രസ്ഥാനം കേരള പ്രസിഡന്റ് ശിവകുമാർ വേണുഗോപാൽ, 32ാമത് സ്വദേശി സയൻസ് കോൺഗ്രസ് സെക്രട്ടറി ഡോ. ജാസ്മിൻ എം. ഷാ, അദ്ധ്യാപകർ, ഗവേഷകർ എന്നിവർ സംബന്ധിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |