
തിരുവനന്തപുരം:കർണാടകത്തിൽ ജെ.ഡി.എസ് ബി.ജെ.പിയുമായി കൈകോർത്തതിനെ തുടർന്ന് വെട്ടിലായ കേരളത്തിലെ എം.എൽ.എ.മാരായ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും മാത്യു.ടി.തോമസും പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകത്തെ ലയിപ്പിച്ചു.ഇരുവരും ചേർന്ന് ഇന്നലെ സ്പീക്കർ എ.എൻ.ഷംസീറിന് കത്തും നൽകി.
ഇതോടെ കേരളത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജെ.ഡി.എസ്. ഇനി ഐ.എസ്.ജെ.ഡി ആയി മുന്നണിയിൽ തുടരും. നിയമസഭാതിരഞ്ഞെടുപ്പിലും
മത്സരിക്കുമെന്ന് ഐ.സി.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ എന്ന ഐ.എസ്.ജെ.ഡി.രൂപീകരിക്കാനുള്ള ശ്രമം കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പ് കാലത്ത് ദേവഗൗഡയും കുമാരസ്വാമിയും ബി.ജെ.പി.യുമായി ചേർന്നപ്പോൾ തുടങ്ങിയതാണ്.എന്നാൽ ഇലക്ഷൻ കമ്മിഷൻ അനാവശ്യമായി കാലതാമസമുണ്ടാക്കുകയായിരുന്നു. അതോടെ ഡൽഹി കോടതിയിൽ കേസ് കൊടുത്താണ് ഇപ്പോൾ പുതിയ പാർട്ടിക്ക് രജിസ്ട്രേഷൻ തരപ്പെടുത്താനായതെന്ന് മാത്യു.ടി.തോമസ് പറഞ്ഞു.
പച്ചയും വെള്ളയും ചേ ർന്ന കൊടിയാണ് പുതിയ പാർട്ടിക്ക്.നടുവിൽ ഗിയർ ചക്രത്തിൽ ഇലയുമുണ്ടാകും. ഈ ചിഹ്നം വേണമെന്നാണ് അപേക്ഷിച്ചിട്ടുള്ളത്. പഴയതും പുതിയതുമായ എല്ലാ നേതാക്കളേയും പ്രവർത്തകരേയും പുതിയ പാർട്ടിയിലേക്ക് കൊണ്ടുവരും. ജെ.ഡി.എസിന്റെ എല്ലാ ജില്ലാഘടകങ്ങളിലും ചർച്ച ചെയ്താണ് പുതിയ പാർട്ടിയിലേക്ക് ലയിച്ചത്. 17ന് എറണാകുളം ടൗൺ ഹാളിൽ ലയന സമ്മേളനം നടത്തും.നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചർച്ചകൾ അതിന് ശേഷം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |