
വിതുര: ഒറ്റത്തവണ ഉപയോഗിച്ച് പ്രകൃതിക്ക് ദോഷമായി വലിച്ചെറിയുന്ന പേനകൾക്ക് ബദലായി മന്നൂർക്കോണം ഇടനില ഗവൺമെന്റ് യു.പി.എസിലെ കുട്ടികൾ ഇനി പുനരുപയോഗിക്കാവുന്ന മഷിപ്പേന ഉപയോഗിക്കും. സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ പ്രകൃതി സൗഹാർദ്ദ ഇടപെടലുകളുടെ ഭാഗമായാണ് തൂലിക പദ്ധതി നടപ്പിലാക്കിയത്. സ്കൂളിൽ സ്ഥാപിക്കുന്ന ഇങ്ക് പോയിന്റിൽ നിന്നും കുട്ടികൾക്ക് സൗജന്യമായി പേനയിൽ മഷി നിറയ്ക്കാനുള്ള അവസരവുമുണ്ട്. ആദ്യഘട്ടമായി സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബ് വോളന്റിയർമാർ പദ്ധതിയുടെ ഭാഗമായിരുന്നു. യു.പി തലത്തിലെ കുട്ടികൾ മഷിപ്പേന ഉപയോഗിക്കും.
വിതുര ഗവൺമെന്റ് വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി എൻ.എസ്.എസ് വോളന്റിയർമാർ ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് തൂലിക പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ വർഷവും വിതുര ആനപ്പാറ ഗവൺമെന്റ് ഹൈസ്കൂളിലും മഷിപ്പേന പദ്ധതി നടപ്പിലാക്കിയിരുന്നു.
നെടുമങ്ങാട് മുൻസിപ്പൽ കൗൺസിലർ ജോയിജോൺ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എച്ച്.യൂനൂസ്,എച്ച്.എം പ്രീതദാസ്.കെ.എൽ,വിതുര വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മഞ്ജുഷ.എ.ആർ, എസ്.എം.സി ചെയർമാൻ അശോക് കുമാർ, പ്രോഗ്രാം ഓഫീസർ അരുൺ.വി.പി,സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബ് കോ-ഓർഡിനേറ്റർമാരായ അശ്വതി.എ.ആർ,ചിന്നു.പി.എ,എൻ.എസ് സ്കൂൾ സോഷ്യൽസർവീസ് ക്ലബ്ബ് വോളന്റിയർമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |