പാലോട്: കെ.എസ്.ആർ.ടി.സി പഴയ ഡിപ്പോയുടെ സമീപമുള്ള പാലവും സമീപ പ്രദേശങ്ങളും അനധികൃത വാഹന പാർക്കിംഗ് കാരണം അപകടക്കെണിയായി മാറിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം.പാലത്തിന് സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലെത്തുന്ന വാഹനങ്ങളാണ് അപകടത്തിന് കാരണം.പഴയ കെ.എസ്.ആർ.ടിസിയുടെ കെട്ടിടവും മദ്യപരുടെ സ്ഥിരം സങ്കേതമായിട്ടുണ്ട്.മദ്യം വാങ്ങാനെത്തുന്നവരുടെ ശല്യം കാരണം ഇതുവഴി ആർക്കും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്.പാലോട് കുശവൂർ ജംഗ്ഷനിലെ വാഹന പാർക്കിംഗ് തോന്നുംപടിയാണ്. മടത്തറ റോഡിന്റെ ഇരു വശവുമുള്ള അനധികൃത പാർക്കിംഗ് കാൽനട യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ്.പാലോട് കുശവുരിൽ പൊലീസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകളോട് നോ പറഞ്ഞാണ് അനധികൃത പാർക്കിംഗുകൾ.കുശവുർ ജംഗ്ഷനിൽ നിരവധി ചർച്ചകൾക്കൊടുവിലാണ് ബോർഡുകൾ സ്ഥാപിച്ചത്.എന്നാൽ കടകളിലെ സ്റ്റാഫുകൾ തന്നെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതിൽ പിന്നെ മുഴുവൻ പേരും പാർക്കിംഗ് റോഡിലാക്കി.വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.വാഹനങ്ങൾ നടപ്പാത കൈയേറി പാർക്ക് ചെയ്യുന്നതോടെ കാൽ നടയാത്രക്കാർ റോഡിലിറങ്ങി സാഹസികമായി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
റോഡിൽ നിറുത്തി ബസുകൾ
ഇവിടെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കും പ്രൈവറ്റ് ബസുകൾക്കാണ്.ബസുകളിൽ യാത്രക്കാരെ ഇറക്കുന്നത് നടുറോഡിലാണ്.അനുവദിച്ച് നൽകിയിട്ടുള്ള ഓട്ടോസ്റ്റാൻഡിലെ ചില ഓട്ടോറിക്ഷകളുടെ പാർക്കിംഗും തോന്നും പടിയാണ്. ജീപ്പ് സ്റ്റാൻഡിന്റെ കാര്യവും ഏതാണ്ട് ഇതുതന്നെയാണ്. പൊലീസിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |