
തിരുവനന്തപുരം:പുതു വർഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വാചാലനായത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച്. 110 സീറ്റുകൾ നേടാനായി 50 ദിവസത്തെ കർമ്മ പദ്ധതിയെക്കുറിച്ച് മന്ത്രിമാരുമായി ചർച്ച ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഭരണ നടപടികൾ ജനങ്ങളിൽ എത്തിക്കുന്നതിനും, ഭരണ നേട്ടങ്ങൾ അവരെ ബോധ്യപ്പെടുത്തുന്നതിനും കൂടുതൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഭാവി കേരളത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടാനും ഭരണ നിർവ്വഹണത്തിൽ അവരുടെ പങ്കാളിത്തം ബോധ്യപ്പെടുത്താനുമുള്ള നടപടികളാണ് സർക്കാർ തുടങ്ങി വച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ചേർന്ന മന്ത്രിസഭായോഗത്തിലെ തീരുമാനമായിരുന്നു അത്.
നിരാലംബകളായ സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് പോരെന്നാണ് പുതിയ സാഹചര്യത്തിലെ വിലയിരുത്തൽ. ഭരണം ജനോപകാരപ്രദമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം മന്ത്രിമാർക്കും ഘടകക്ഷികൾക്കുമൂണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കുറച്ചു കൂടി ക്രീയാത്മകമായ സമീപനം വരുന്ന ബഡ്ജറ്റിലുണ്ടാകണമെന്ന് മന്ത്രിമാർ പറഞ്ഞുവെന്നാണ് അറിയുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുമതിയില്ലാതെ വിദേശത്തു
നിന്ന് പണം പിരിച്ചെന്ന മണപ്പാട്ട് ഫൗണ്ടേഷൻ കേസ് സി.ബി.ഐയ്ക്ക് വിടുന്ന വിഷയം ഇന്നലെ മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സർക്കാർ വിഷയം കടുപ്പിച്ചില്ല. ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിലെ പ്രതിരോധവും ചർച്ചയായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |