
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചെറുതും വലതുമായി അറുന്നൂറിലേറെ അപകടങ്ങളാണ് കെ.എസ്.ആർ.ടി.സി ബസുകൾ കാരണമുണ്ടായത്. ഇന്നലെ തിരുവനന്തപുരത്തു മാത്രം രണ്ട് അപകടമുണ്ടായി. കാരയ്ക്കാമണ്ഡപത്തിനടുത്ത് സ്കൂട്ടറിന് പിന്നിൽ ഓവർടേക്ക് ചെയ്തുവന്ന കെ.എസ്.ആർ.ടി.സി ബസിടിച്ച് ചന്ദ്രിക ദിനപത്രം ചീഫ് ഫോട്ടോഗ്രാഫർ ഗോപകുമാർ ദാരുണമായി മരിച്ചു.
കഴക്കൂട്ടത്ത് സ്കൂട്ടറിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ടെക്നോപാർക്ക് ജീവനക്കാരി സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ 5ന് അടൂരിൽ പ്രതികളുമായി ജയിലിലേക്ക് പോയ പൊലീസ് ജീപ്പിന് പിറകിൽ നിയന്ത്രണം വിട്ട ബസിടിച്ച് പൊലീസുകാർ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റിരുന്നു. ടിക്കറ്റ് വരുമാനത്തിൽ റെക്കാഡുകൾ സ്ഥാപിച്ച് മുന്നേറുമ്പോഴാണ് കെ.എസ്.ആർ.ടി.സി ബസുകൾ മൂലമുണ്ടാകുന്ന അപകടങ്ങളും വർദ്ധിക്കുന്നത്.
അപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി ആവർത്തിക്കുമ്പോഴാണ് ഡ്രൈവർമാരുടെ അശ്രദ്ധയുൾപ്പെടെ അപകടങ്ങൾക്ക് ഇടയാക്കുന്നത്. അപകടങ്ങൾ കുറയ്ക്കാൻ യൂണിറ്റ് തലത്തിലും ചീഫ് ഓഫീസ് തലത്തിലും പഠനവും അവലോകനവുമൊക്കെ മുറപോലെ നടക്കുന്നുമുണ്ട്.
പട്ടിക തയ്യാറാക്കി
പരിശീലനം, പക്ഷേ..
1. നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നൽകാനുള്ള നടപടി കെ.എസ്.ആർ.ടി.സി സ്വീകരിക്കുന്നുണ്ട്. എന്നാൽ, അതൊന്നും ഫലവത്താകുന്നില്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.
2. തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോഴിക്കോട്, എറണാകുളം യൂണിറ്റുകളിലെ ബസുകളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നതെന്നും കണ്ടെത്തിയിരുന്നു.
ഈ യൂണിറ്റുകളിലെ ഡ്രൈവർമാർക്ക് തുടർപരിശീലനം നൽകിയെന്നാണ് മാനേജ്മെന്റിന്റെ അവകാശവാദം.
അപകടം അശ്രദ്ധമൂലം
പല അപകടങ്ങളും ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു. അതേസമയം, താത്കാലിക ജീവനക്കാരെ താരതമ്യേന ചെറിയ തെറ്റുകൾക്കു പോലും പിരിച്ചുവിടുമ്പോൾ ആവർത്തിച്ച് അപകടമുണ്ടാക്കുന്ന സ്ഥിരം ജീവനക്കാരെ സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ട്. ബസിലിരുന്ന് ആംഗ്യം കാണിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ താൽക്കാലിക ഡ്രൈവറെ പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സി ആളുകളെ ഇടിച്ചുകൊല്ലുന്ന ഡ്രൈവർക്ക് വീണ്ടും ബസ് നൽകി നിരത്തിലേക്ക് വിടുന്നു. എന്നാൽ, ബസുകളുടെ കാലപ്പഴക്കവും റോഡുകളുടെ മോശം അവസ്ഥയുമൊക്കെ അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |