
പയ്യന്നൂർ : എണ്ണ അധിഷ്ഠിത വ്യവസായങ്ങൾക്ക് ഇനി കുറച്ച് കാലം മാത്രമെ നിലനിൽപ്പുണ്ടാകുകയുള്ളുവെന്ന് പ്രൊഫ.മാധവ് ഗാഡ്ഗിൽ പ്രഖ്യാപിച്ചത് ഏഴുവർഷം മുമ്പ് പയ്യന്നൂരിൽ വച്ചായിരുന്നു. എണ്ണ,
എണ്ണ ഉപയോഗം മൂലമുണ്ടാകുന്ന പ്രകൃതി മലിനീകരണത്തിനെതിരെ ഇന്ന് ലോകമെമ്പാടും നിയന്ത്രണവും ബോധവത്ക്കരണവും നടക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വാക്കുകൾ എത്ര മാത്രം അർത്ഥവത്തായിരുന്നുവെന്ന് മനസിലാകുന്നത്. പണം മാത്രം ലക്ഷ്യമാക്കി ഇപ്പോൾ ചിലർ നടത്തുന്ന പ്രവൃത്തിയെ വികസനമായി കാണാനാകില്ലെന്നും അന്ന് ഗാഡ്ഗിൽ പറഞ്ഞിരുന്നു.
കണ്ടങ്കാളി താലോത്ത് വയലും തണ്ണീർ തടവും നികത്തി പെട്രോളിയം സംഭരണശാല നിർമ്മിക്കാനുള്ള പദ്ധതിക്കെതിരെ ജനകീയ സമരസമിതി നടത്തിയ സമരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തിന്റെ ഉദ്ഘാടനപ്രസംഗത്തിലായിരുന്നു ഗാഡ്ഗിൽ ഏറെ ദീർഘവീക്ഷണത്തോടെ എണ്ണ അധിഷ്ഠിത വ്യവസായത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്.
2019 സെപ്തംബർ ആറിനായിരുന്നു ഈ പരിപാടി. സാങ്കേതികവിദ്യ മനുഷ്യനന്മക്കുതകുന്നതും പുനരുപയോഗ സാദ്ധ്യമായതുമായിരിക്കണമെന്നുമായിരുന്നു ഗാഡ്ഗിൽ അന്ന് ഓർമ്മിപ്പിച്ചത്. മനുഷ്യർക്കിടയിലുള്ള തുല്യത ഇല്ലാതാക്കുന്ന ഒരു പ്രവൃത്തിയും നടപ്പിലാക്കരുതെന്നും സുസ്ഥിര വികസന കാഴ്ചപ്പാടാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചതാണ്.
പരിസ്ഥിതി നില നിൽപ്പിനായി വാദിക്കുകയും ശബ്ദമുയർത്തുകയും ചെയ്യുന്നവർ വികസന വിരുദ്ധരാണെന്ന പ്രചാരണം
ശുദ്ധ അസംബന്ധമാണെന്നും പ്രകൃതിയെ ചൂഷണം ചെയ്ത് വൻ ലാഭം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർ ഉണ്ടാക്കുന്ന പുകമറ മാത്രമാണിതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. പെട്രോളിയം എണ്ണ സംഭരണശാലക്കായി ഏറ്റെടുക്കുവാൻ ഉദ്ദേശിച്ച തലോത്ത് വയലിലേക്ക് മാധവ് ഗാഡ്ഗലിനെ സ്ത്രീകളും കുട്ടികളും സമരസമിതി പ്രവർത്തകരുമടങ്ങിയ ജനാവലി പൂച്ചെണ്ടുകൾ നൽകിയാണ് അന്ന് സീകരിച്ചത്. പ്രദേശം നടന്ന് കണ്ട അദ്ദേഹം തെക്കെ ബസാറിലെ ലാൻഡ് അക്വിസിഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തിയവരെ സന്ദർശിക്കുകയും ചെയ്തു. ബോയ്സ് ഹൈസ്കൂളിലായിരുന്നു പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് വേണ്ടി ഏറെ വാദിച്ച ആ പ്രകൃതിസ്നേഹി പങ്കെടുത്ത പരിസ്ഥിതിസമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |