
തലശേരി: സി.പി.എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവും 1.40 ലക്ഷം രൂപ പിഴയും ശിക്ഷ. സി.പി.എം തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗമായ തലായിയിലെ കെ.ലതേഷിനെയാണ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. കേസിലെ ഒന്നു മുതൽ ഏഴു വരെ പ്രതികളായ പി.സുമിത്ത് (കുട്ടൻ-35), കെ.കെ.പ്രജീഷ് ബാബു (44), ബി.നിധിൻ (നിധു-34), കെ.സനൽ (ഇട്ടു- 34), സ്മിജോഷ് (തട്ടിക്കുട്ടൻ- 39), സജീഷ് (ജീഷു- 34), വി.ജയേഷ് (36) എന്നിവരെയാണ് തലശേരി ജില്ലാ സെഷൻസ് കോടതി (നാല്) ജഡ്ജി ജെ.വിമൽ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 35 വർഷം തടവുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ വ്യക്തമാക്കി. ഒമ്പതു മുതൽ 12 വരെ പ്രതികളായ കെ.സന്തോഷ് കുമാർ (ജുഗ്നു- 51), ബി.ശരത് (37), ഇ.കെ.സനീഷ് (സനീഷ് ബാബു- 48), ബി.ജെ.പി നേതാവും നഗരസഭ മുൻ കൗൺസിലറുമായ കുന്നുംപുറത്ത് അജേഷ് (49) എന്നിവരെ കോടതി വെറുതെ വിട്ടു. എട്ടാംപ്രതി അജിത്ത് വിചാരണയ്ക്കിടെ മരിച്ചിരുന്നു.
2008 ഡിസംബർ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വച്ചായിരുന്നു കൊലപാതകം. ചക്യത്ത്മുക്ക് ക്ലാസിക് മാർബിൾ കടയ്ക്ക് പിൻവശത്തെ കടപ്പുറത്ത് വച്ച് പ്രതികൾ സംഘംചേർന്ന് മാരകായുധങ്ങളുമായി ലതേഷിനെ വെട്ടിക്കൊന്ന ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് കേസ്.
ലതേഷിന്റെ സഹോദരൻ കെ.സന്തോഷിന്റെ പരാതിയിലാണ് തലശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ബോംബേറിൽ സി.പി.എം പ്രവർത്തകൻ മോഹൻലാൽ എന്ന ലാലുവിനും സന്തോഷ്, സുരേഷ്, മജീദ് എന്നിവർക്കും പരിക്കേറ്റിരുന്നു. കേസിലെ 64 സാക്ഷികളിൽ 30 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.കെ.വർഗീസ്, കെ.സത്യൻ എന്നിവർ ഹാജരായി.
ആദ്യം വാൾ വീശിയത് സുമിത്ത്
ലതേഷിനെ വളഞ്ഞിട്ടാണ് സംഘം ആക്രമിച്ചത്. ഒന്നാംപ്രതിയായ സുമിത്താണ് ആദ്യം വാൾ വീശിയത്. പ്രജീഷ് കൈയിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. തിരയിൽ കമിഴ്ന്നടിച്ചു വീണ ലതേഷിനെ അജിത്തും സിജേഷും കൈയിലുണ്ടായിരുന്ന വാളും മഴുവും ഉപയോഗിച്ച് കാലിനും ശരീരത്തിലും വെട്ടുകയും കുത്തുകയും ചെയ്തു എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |