
ഇരിട്ടി:കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള സംരക്ഷിത വനമേഖലയായ ആറളം വന്യജീവി സങ്കേതം ചിത്രശലഭങ്ങളുടെ വൈവിദ്ധ്യത്തിലൂടെ പുതിയ പദവിയിലേക്ക്.സംസ്ഥാനത്തെ മറ്റ് ഏതൊരു വനമേഖലയേയും അപേക്ഷിച്ച് വൻ ചിത്രശലഭ വൈവിദ്ധ്യം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനം വരാനിരിക്കുന്നത്.
കഴിഞ്ഞ 25 വർഷങ്ങളായി ആറളം വന്യജീവി സങ്കേതത്തിൽ ചിത്രശലഭങ്ങളെ നിരീക്ഷിച്ചു വരുന്നുണ്ട്. തുടർച്ചയായി നടത്തിവരുന്ന സർവ്വേ കണക്കുകൾ പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 327 ഇനം ചിത്രശലഭങ്ങളിൽ 266 എണ്ണം ആറളം വന്യജീവി സങ്കേതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് കേരളത്തിൽ കാണപ്പെടുന്ന ചിത്രശലഭ വൈവിധ്യത്തിന്റെ 82 ശതമാനവും 2000 മുതൽ 2025 വരെയുള്ള സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സർവ്വെയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിലാണ് ആറളം വന്യജീവി സങ്കേതത്തെ ആറളം ചിത്രശലഭ സങ്കേതമായി പ്രഖ്യാപിച്ച് നോട്ടീഫൈ ചെയ്യുന്നത്.
ആറളം വന്യജീവി സങ്കേതം 1984 ലാണ് നിലവിൽ വന്നത്. ഭൂപ്രകൃതിയിലും സസ്യ സമ്പത്തിലും വൈവിധ്യം പുലർത്തുന്ന വനമേഖല ആയതുകൊണ്ട് തന്നെ വന്യജീവി ജൈവവൈവിധ്യത്തിലും സമ്പന്നമാണ് ഈ വനമേഖല.
ആൽബട്രോ ശലഭങ്ങളുടെ താഴ്വര
ഡിസംബർ മുതൽ ഫെബ്രുവരി മാസം വരെയുള്ള കാലയളവിൽ മലനിരകളിൽ നിന്നും നദികളിലൂടെയും തോടുകളിലൂടെയും മറ്റു തുറസായ പാതകളിലൂടെയും പൂമാല പോലെ ആൽബട്രോ ശലഭങ്ങൾ ഒഴുകിവരുന്നതും മഡ് പടലിംഗിൽ (Mud puddling) ഏർപ്പെടുന്നതുമായ കാഴ്ചകൾ അത്ഭുതമുളവാക്കുന്നതാണ്. ആറളത്ത കാണപ്പെടുന്ന ആൽബട്രോ ശലഭങ്ങളുടെ ദേശാടനം 2025ലെ ചിത്രശലഭ സർവ്വേയിൽ അഞ്ചു മിനിറ്റ് നിരീക്ഷണ ദൈർഘ്യത്തിൽ 12000 ശലഭങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ആൽബട്രോസ് ശലഭങ്ങളെ കൂടാതെ ഡനൈഡേ ശലഭങ്ങളായ നീലക്കടുവ, കരിനീല കടുവ, അരളി ശലഭം, പാൽവള്ളി തുടങ്ങിയ ശലഭങ്ങളുടെ ദേശാടന സാന്നിധ്യവും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നാൽപതിൽ പരം എൻഡെമിക് ചിത്രശലഭങ്ങളിൽ 27 എണ്ണവും ആറളത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |