
ഹരിപ്പാട്: പുനർനിർമ്മാണത്തിനായി കുത്തിപ്പൊളിച്ച ചേപ്പാട്-വന്ദികപ്പള്ളി റോഡിലെ യാത്ര നാട്ടുകാർക്ക് ദുരിതമാകുന്നു. ദേശീയപാതയിൽ ചേപ്പാട് ജംഗ്ഷനിൽ നിന്ന് കായംകുളം-കാർത്തികപ്പളളി റോഡിൽ വന്ദികപ്പളളി ജംഗ്ഷനിലെത്തുന്ന പാതയ്ക്ക് രണ്ടര കിലോമീറ്ററോളം നീളമുണ്ട്. ചേപ്പാട് ജംഗ്ഷൻ മുതൽ-വെട്ടിക്കുളങ്ങര ക്ഷേത്രം വരെ ചേപ്പാട് പഞ്ചായത്തിലൂടെയും തുടർന്ന്, വന്ദികപ്പളളിവരെ മുതുകുളം-ചിങ്ങോലി പഞ്ചായത്തുകളെയും വേർതിരിച്ചു പോകുന്ന റോഡാണിത്.
പത്തുവർഷം മുമ്പാണ് അവസാനമായി ഈ റോഡിൽ അറ്റകുറ്റപ്പണി നടന്നത്. അധികനാൾ കഴിയുന്നതിനു മുൻപു തന്നെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു. തുടർന്ന്, നാട്ടുകാരുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ഇപ്പോൾ നവീകരണം തുടങ്ങിയത്. എന്നാൽ, ജോലികൾ ഇഴഞ്ഞാണ് മുന്നോട്ടുപോകുന്നത്.
ആദ്യം മൂന്നു കലുങ്കുകളുടെ നിർമാണമാണ് നടന്നത്. ഇതിന്റെ നിർമാണ കാലയളവ് ഒരു വർഷത്തിലേറെ നീണ്ടു. അന്നു മുതൽ നാട്ടുകാർ യാത്രാക്ലേശം അനുഭവിക്കുകയാണ്. തുടർന്നാണ് ടാറിംഗിനായി റോഡ് കുത്തിപ്പൊളിച്ചത്. റോഡിൽ യാത്ര വെല്ലുവിളിയായതോടെ വന്ദികപ്പള്ളി ജംഗ്ഷനിലെ കടകളിലേക്ക് ആളുകൾ വരുന്നത് ഗണ്യമായി കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു.
അപകടം വിളിപ്പുറത്ത്
റോഡിലൂടെയുള്ള കാൽനട പോലും ദുസ്സഹമാണ്
കരിങ്കൽ ചീളുകൾ ചെറിയ വാഹനങ്ങളുടെ ടയറുകളിലേക്ക് തുളച്ചുകയറും
കരിങ്കല്ലുകളിൽ കയറി ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയും
ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവായി
റോഡിന്റെ ദൈർഘ്യം
2.5 കി.മീ.
റോഡിന്റെ പരിതാപകരമായ അവസ്ഥമൂലം ജനങ്ങൾ വലയുകയാണ്. കാഞ്ഞൂർ ക്ഷേത്രത്തിലെ കോലം വഴിപാടിന് പോലും ഭക്തർ പാടുപെട്ടാണ് ഈ പാത വഴി സഞ്ചരിച്ചത്
- രതീശൻ, ചേപ്പാട് സ്വദേശി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |