
വിഴിഞ്ഞം: കിണറ്റിൽ വീണ ഗർഭിണി പശുവിനെ ആറുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെത്തിച്ചു.
വിഴിഞ്ഞം കരിമ്പള്ളിക്കര കുരിശ്ശടി മുറ്റത്തിന് സമീപം അന്താരാഷ്ട്ര തുറമുഖ കമ്പനി ഏറ്റെടുത്ത സ്ഥലത്തെ ഉപയോഗശൂന്യമായ രണ്ടാൾ താഴ്ചയുള്ള കിണറ്റിലാണ് പശു വീണത്. പനവിളക്കോട് സ്വദേശിയായ ഹരിയുടെ ഉടമസ്ഥതയിലുള്ളതാണ് പശു. രാവിലെ പുല്ലുമേയുന്നതിനായി കെട്ടിയ പശുവിനെ ഉച്ചയ്ക്ക് ശേഷം 3 മണിയോടെ അഴിക്കാനെത്തിയപ്പോഴാണ് പശു കിണറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. എന്നാൽ പശു ഇടുങ്ങിയ കിണർ ഉറകളിൽ കുടുങ്ങിയ നിലയിലായിരുന്നു. കൗൺസിലർ പനിയടിമ സ്ഥലത്തെത്തി തുറമുഖ കമ്പനിക്കാരോട് ചർച്ച നടത്തിയ ശേഷം ജെ.സി.ബി എത്തിച്ച് വശത്തെ മണ്ണ് മാറ്റി കിണറിന്റെ ഉറകൾ നീക്കം ചെയ്ത് രാത്രി 9.30 ഓടെ പശുവിനെ കരയ്ക്ക് കയറ്റുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരനായ മത്സ്യത്തൊഴിലാളിയായ യുവാവിന് കാലിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഫയർഫോഴ്സ് ജീപ്പിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. രക്ഷാപ്രവർത്തനത്തിനിടെ മൃഗഡോക്ടറും സ്ഥലത്തെത്തിയിരുന്നു. വിഴിഞ്ഞം ഫയർഫോഴ്സ് എ.എസ്.ടി.ഒ ഷാജി,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ചന്ദ്രൻ, ഫയർമാൻമാരായ അനീഷ്,റഹിൻ, വിനോദ്,ജിബിൻ എന്നിവരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |