
കോട്ടയം: കോടിമത അപ്രോച്ച് റോഡ് പൂർത്തികരണത്തിന്റെ ഭാഗമായി കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ പ്രതിമ അടങ്ങുന്ന പത്രാധിപർ സ്ക്വയറിൽ കൈവെക്കാനുള്ള പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ നീക്കത്തെ അപലപിച്ചും സാമൂഹ്യനീതിക്കു വേണ്ടി പോരാടിയ പത്രാധിപരുടെ പ്രതിമ അവിടെ തന്നെ നിലനിറുത്തണമെന്ന ആവശ്യവുമായി സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകളിലുള്ളവർ രംഗത്തെത്തി.
പത്രാധിപർ കെ.സുകുമാരനും കേരളകൗമുദിയും കേരള നവോത്ഥാന ചരിത്രത്തിലെ മുന്നണി പോരാളികളാണ്. പത്രാധിപരുടെ പ്രതിമ കോടിമതയിൽ നിലനിറുത്താൻ വേണ്ടതു ചെയ്യും. എം.സി റോഡിൽ നിന്നു മാറിയാണ് പത്രാധിപർ സ്ക്വയറും പ്രതിമയും. സ്വാതന്ത്ര്യ സമര സേനാനി കൂടിയായ കെ.സുകുമാരനോടുള്ള ആദരവ് നിലനിറുത്തി പൊതു മരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ വേണ്ടതു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതാണ്. വീണ്ടും ആവശ്യപ്പെടും.
വി.എൻ.വാസവൻ (സഹകരണ തുറമുഖ ദേവസ്വം വകുപ്പു മന്ത്രി )
കോടിമത രണ്ടാം പാലം അപ്രോച്ച് റോഡ് വികസനത്തിനായി പത്രാധിപർ പ്രതിമയിൽ കൈവെക്കാനുള്ള പൊതു മരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം അംഗീകരിക്കാൻ കഴിയില്ല. കേരളം മുഴുവൻ ആരാധിക്കുന്ന കെ.സുകുമാരനെപ്പോലെ ആദരണീയനായ ഒരു വ്യക്തിയോട് നീതി കേട് കാണിക്കുന്നത് ശരിയല്ല. പത്രാധിപർ പ്രതിമ കോടിമതയിൽ തന്നെ നിലനിറുത്തണം. അതിനാവശ്യമായ സമ്മർദ്ദം ബന്ധപ്പെട്ടവരിൽ ചെലുത്തും
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ
കോടിമതയിൽ പത്രാധിപർ പ്രതിമാ സ്ക്വയറിന് സൗജന്യമായി സ്ഥലം അനുവദിക്കുന്നതിന് അന്നത്തെ നഗരസഭ ചെയർമാനെന്ന നിലയിൽ ഇടപെടൽ നടത്തിയ ആളാണ് ഞാൻ. എം.സി റോഡിൽ നിന്നു മാറിയാണ് പത്രാധിപർ പ്രതിമയുള്ളത്. അപ്രോച്ച് റോഡ് വികസനത്തിന്റെ ഭാഗമായി കോടിമത സൗന്ദര്യവത്ക്കരണത്തിനൊപ്പം പത്രാധിപർ സ്ക്വയറിനും പ്രതിമക്കും അർഹമായ പരിഗണന ബന്ധപ്പെട്ടവർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ നഗരസഭയുടെ സഹായവും സഹകരണവും ഉണ്ടായിരിക്കും.
എം.പി .സന്തോഷ് കുമാർ (കോട്ടയം നഗരസഭാ ചെയർമാൻ )
സാമൂഹ്യ നീതിക്കുവേണ്ടി പത്രാധിപർ കെ.സുകുമാരൻ തൂലിക പടവാളാക്കി നടത്തിയ പോരാട്ടം കണ്ട് കേരളകൗമുദിയെയും പത്രാധിപർ കെ.സുകുമാരനെയും നെഞ്ചിലേറ്റിയവരാണ് ഞങ്ങൾ. ആ സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാനാണ് പണംപിരിച്ച് പ്രതിമ സ്ഥാപിച്ചത്. അത് കോടിമതയിൽ നിലനിറുത്തുന്നതിന് ആവശ്യമെങ്കിൽ ജനകീയ പ്രക്ഷേഭം നടത്തും
സദാനന്ദൻ വിരിപ്പുകാലാ
(പത്രാധിപർ പ്രതിമാ നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |