കൊല്ലം: ഈ വർഷത്തെ ഏഷ്യൻ നീർപക്ഷി സർവേ ജില്ലയിൽ നാളെ നടക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യയും കൊല്ലത്തെ പക്ഷി നിരീക്ഷകരുടെ സംഘടനയായ കൊല്ലം ബേർഡിംഗ് ബറ്റാലിയനും ചേർന്ന് കേരളാ വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ സഹകരണത്തോടെയാണ് സർവേ നടത്തുന്നത്.
സർവേയിൽ ഫാത്തിമാ മാതാ നാഷണൽ കോളേജ് സഹകരിക്കുന്നുണ്ട്. കൊല്ലത്തെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പക്ഷി നിരീക്ഷകരും ഫോട്ടോഗ്രാഫർമാരും ഉൾപ്പെടുന്ന പതിനഞ്ചോളം ടീമുകൾ കൊല്ലത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും നീർപ്പക്ഷികളുടെ വിവരങ്ങൾ ശേഖരിക്കുകയും ശാസ്ത്രീയമായി രേഖപ്പെടുത്തുകയും ചെയ്യും. തുടർന്ന് റിപ്പോർട്ടായി വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രിക്ക് കൈമാറും. പോളച്ചിറ എല, ഉമയനല്ലൂർ എല, മൺറോ ഐലൻഡ്, ചിറ്റുമല ചിറ, ചീലൂർ തടാകം, ശാസ്താംകോട്ട തടാകം, കാരാളി ചതുപ്പ്, കണ്ടച്ചിറ, പൊഴിക്കര - കാപ്പിൽ ബീച്ച്, ശക്തികുളങ്ങര, അഷ്ടമുടി, പാവുമ്പ, വെള്ളനാതുരുത്ത് ബീച്ച്, അഴീക്കൽ ബീച്ച്, പോച്ചപ്പുറം എന്നിവിടങ്ങളിലാണ് സർവേ നടക്കുന്നത്.
സർവേയുമായി ബന്ധപ്പെട്ട് ടീം അംഗങ്ങൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ് കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ ഇന്ന് വൈകിട്ട് 3.30ന് നടക്കും. ഫോൺ: 9633780662.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |