
കോട്ടയം : കാഞ്ഞിരപ്പള്ളിയ്ക്ക് പുറമെ പാലാ, പൂഞ്ഞാർ മണ്ഡലങ്ങൾ കൂടി എ ക്ളാസ് ആയി മാറുമെന്ന കണക്കുകൂട്ടലിൽ തന്ത്രങ്ങൾ മെനഞ്ഞ് എൻ.ഡി.എ. കഴിഞ്ഞ പാർലമെന്റ് , തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മുൻവർഷത്തെ നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ നാൽപ്പതിനായിരം വോട്ട് പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം മുൻനിറുത്തി പൂഞ്ഞാറും, പാലായും വരുതിയിലാക്കാമെന്നാണ് ആത്മവിശ്വാസം. 2011ൽ 5000 വോട്ടിൽ നിന്ന് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 31,000 വോട്ട് നേടിയാണ് കാഞ്ഞിരപ്പള്ളി ബി.ജെ.പിയ്ക്ക് ജില്ലയിൽ ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായി മാറിയത്. 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് 36000 വോട്ടുകളായി ഉയർന്നു.എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 29000 വോട്ടാണ് നേടിയത്. തിരഞ്ഞെടുപ്പുകളിൽ ശരാശരി 30,000 വോട്ട് നിലനിറുത്തുന്ന കാഞ്ഞിരപ്പള്ളിയിൽ ശക്തരായ സ്ഥാനാർത്ഥികൾ വന്നാൽ വിജയം ഉറപ്പെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
ജോർജിന്റെ വരവ് ഊർജ്ജം
പി.സി.ജോർജിന്റെ വരവോടെയാണ് പൂഞ്ഞാർ, പാലാ മണ്ഡലങ്ങൾ എൻ.ഡി.എയുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ പതിനായിരം വോട്ടുകളിലേയ്ക്ക് താഴ്ന്നെങ്കിലും പിന്നീടെല്ലാം വോട്ടിംഗ് ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. മുത്തോലി പഞ്ചായത്ത് കൈവിട്ടപ്പോൾ കിടങ്ങൂർ പഞ്ചായത്ത് പിടിച്ചു. ഈ സാഹചര്യത്തിൽ 30,000 വോട്ടുകൾക്ക് മുകളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ വോട്ടുകൾ ആരുടെ ഉറക്കം കെടുത്തുമെന്നത് ഇരുമുന്നണികൾക്കും പ്രശ്നമാണ്. നാൽപ്പതിനായിരം വോട്ടുകൾ പിടിക്കാനായാൽ മണ്ഡലം എൻ.ഡി.എയുടെ കൈകളിലെത്തും. കഴിഞ്ഞ തവണ ജോസ് കെ.മാണി വിരുദ്ധ വികാരത്തിൽ എൻ.ഡി.എ വോട്ടുകൾ മാണി സി.കാപ്പന് ചെയ്തെന്നാണ് വിലയിരുത്തൽ. എന്നാൽ ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥി വന്നാൽ വോട്ടുകൾ കൃത്യമായി വീഴും. പൂഞ്ഞാർ സീറ്റ് ബി.ഡി.ജെ.എസിന്റേതാണ്. സീറ്റുകൾ വച്ചുമാറുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പിടിക്കാനായതും രണ്ട് ബ്ളോക്ക് പഞ്ചായത്ത് സീറ്റുകളിൽ ജയിക്കാനായതും എൻ.ഡി.എയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
അങ്കത്തട്ടിൽ ആര് ?
പൂഞ്ഞാറിൽ തീരുമാനമായിട്ടില്ലെങ്കിലും കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിൽ ചർച്ചകൾ സജീവമാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന നേതാവ് എൻ.ഹരി, മുൻപ് മത്സരിച്ച വി.എൻ.മനോജ്, മണ്ഡലത്തിൽ വിപുലമായ ബന്ധമുള്ള ജില്ലാ സെക്രട്ടറി ജി.ഹരിലാൽ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. അഡ്വ.നോബിൾ മാത്യു മത്സരിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും ആർ.എസ്.എസ് നേതൃത്വത്തിന് താത്പര്യമില്ല. പാലായിൽ ഷോൺ ജോർജിന്റെ പേരിനാണ് മുഖ്യപരിഗണന. മുൻപ് മത്സരിച്ച എൻ.ഹരി, മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റ് രഞ്ജിത് മീനാഭവൻ എന്നിവരും പരിഗണനയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |