
മൂവാറ്റുപുഴ: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂവാറ്റുപുഴ മഞ്ഞള്ളൂർ കാപ്പ് കരയിൽ മടക്കത്താനം വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നിയെയാണ് (36) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്.
കൂത്താട്ടുകുളം, കുറുപ്പംപടി, കുന്നത്തുനാട്, കുളമാവ്, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കവർച്ച, മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2024 നവംബറിൽ ഐരാപുരം കുറ്റിപ്പിള്ളി കരയിൽ വരാപ്പിള്ളി വീട്ടിൽ പ്രസാദ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ഒന്നാം പ്രതിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കൂത്താട്ടുകുളം ജൂവൽ ഭാഗത്ത് നിന്ന് ആക്ടീവ സ്കൂട്ടർ മോഷണം നടത്തിയതിന് കൂത്താട്ടുകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഇയാളെ പിടികൂടുന്നതിന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം ബൈജുവിന്റെ നേതൃത്വത്തിൽ വാഴക്കുളം സബ്ബ് ഇൻസ്പെക്ടർമാരായ കെ.പി സിദ്ദിഖ്, പി.എസ് ജോജി, അസി. സബ്ബ് ഇൻസ്പെക്ടർമാരായ എ.പി ഷിനോജ്, ജോബി ജോൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.എം ഷഫീക്ക്, സിവിൽ പൊലീസ് ഓഫീസർ ടി.എൻ അനൂപ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |