കൊച്ചി: വ്യാജ ആധാരം സമർപ്പിച്ച് സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്റെ ചളിക്കവട്ടത്തെ ശാഖയിൽ നിന്ന് 5.12 കോടി വായ്പയെടുത്ത ബിസിനസ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെയും കുടുംബക്കാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുന്നറിയിപ്പിനെ തുടർന്ന് സ്വകാര്യധനമിടപാട് സ്ഥാപനം നടത്തിയ പരിശോധനയിലാണ് മൂന്നു കൊല്ലം മുമ്പ് പണയപ്പെടുത്തിയ ആധാരം വ്യാജമാണെന്ന് കണ്ടെത്തിയത്.
വടവുകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കാഞ്ഞിരവേലിൽ ട്രേഡേഴ്സിന്റെ പ്രൊപ്പ്രൈറ്റർ ജെന്നി വർഗീസ്, ജീബാ ജെന്നി, ജിനു വർഗീസ്, മെറീന ജിനു എന്നിവരെ പ്രതികളാക്കി പാലാരിവട്ടം പൊലീസാണ് ഇന്നലെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് ലിമിറ്റഡിന്റെ ചളിക്കവട്ടത്തെ ശാഖയിലാണ് വ്യാജപ്രമാണം പണയപ്പെടുത്തി 2023ൽ 5.12 കോടി രൂപ ബിസിനസ് ആവശ്യത്തിന് വായ്പയെടുത്തത്.
ഒറിജിനൽ ആധാരം പണയപ്പെടുത്തി യൂണിയൻ ബാങ്കിൽ നിന്നും കൊട്ടക്ക് മഹീന്ദ്ര ബാങ്കിൽ നിന്നും സ്ഥാപനം വായ്പയെടുത്തിരുന്നു. ഇതിനിടെയാണ് വായ്പ സംബന്ധിച്ച് ചോളമണ്ഡലത്തിന് ആർ.ബി.ഐ മുന്നറിയിപ്പ് നൽകിയത്. തുടർന്ന് സ്വകാര്യധനമിടപാട് സ്ഥാപനം രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ച് ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പി വാങ്ങി പരിശോധിച്ചപ്പോൾ രജിസ്ട്രാറുടെ ഒപ്പിലുൾപ്പെടെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടു. തുടർപരിശോധനയിൽ ആധാരം വ്യാജമാണെന്ന് കണ്ടതോടെയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ആർ.ബി.എൽ ബാങ്കുമായി ബന്ധപ്പെട്ട് 30 കോടി രൂപയുടെ മറ്റൊരു തട്ടിപ്പുകേസും കാഞ്ഞിരവേലിൽ ട്രേഡേഴ്സിനെതിരെ നിലവിലുണ്ടെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |