തൃശൂർ: സ്‌കൂൾ കലോത്സവത്തിന്റെ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പിന്റെ മൂല്യം 39 വർഷം കൊണ്ട് ഉയർന്നത് 50 ഇരട്ടിയിലേറെ. 1987ൽ 117.5 പവന്റെ സ്വർണക്കപ്പ് നിർമ്മാണത്തിന് ചെലവ് വന്നത് ഏകദേശം രണ്ടേകാൽ ലക്ഷം. എന്നാൽ ഇപ്പോഴത്തെ സ്വർണവില പ്രകാരം മൂല്യം ഒന്നേകാൽ കോടി.
സ്വർണക്കപ്പിൽ കോഴിക്കോട്
1987ൽ കലോത്സവ വിജയികൾക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തിയ ശേഷം അധികം കലാകിരീടം ചൂടിയത് കോഴിക്കോട്. 1987 മുതൽ 2025 വരെയുള്ള 40 കലോത്സവങ്ങളിൽ 20 തവണയാണ് കോഴിക്കോട് കപ്പിൽ മുത്തമിട്ടത്. ഏറ്റവും ഒടുവിൽ 2023ൽ കോഴിക്കോട് നടന്ന കലോത്സവത്തിലും ആതിഥേയർക്ക് തന്നെയായിരുന്നു കിരീടം. 2007 മുതൽ 2018 വരെയുള്ള 18 വർഷം തുടർച്ചയായി കപ്പടിച്ച് ചരിത്രം കുറിച്ചിരുന്നു. 2006ൽ പാലക്കാടും 2003ൽ എറണാകുളവും നേടിയത് ഒഴിച്ചാൽ 2000 മുതൽ 2018 വരെയുള്ള കാലയളവിൽ കോഴിക്കോടിന്റെ സമ്പൂർണ ആധിപത്യം.
കലയിൽ മലബാർ
1957ൽ സംസ്ഥാനം രൂപീകരിച്ചത് മുതൽ കലോത്സവങ്ങളിൽ തെക്കൻ ജില്ലകളാണ് മികവ് കാട്ടിയതെങ്കിൽ സ്വർണക്കപ്പ് ഏർപ്പെടുത്തിയ ശേഷം മലബാറായി കലയുടെ ആസ്ഥാനം. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകൾ 87ന് മുൻപ് കിരീടം നേടിയിരുന്നു. കലോത്സവ ചരിത്രത്തിൽ 17 കിരീടം നേടിയ തലസ്ഥാന ജില്ലയുടെ ഭൂരിഭാഗം നേട്ടവും സ്വർണക്കപ്പ് ഏർപ്പെടുത്തുന്നതിന് മുൻപായിരുന്നു.
കിരീടം ചൂടാതെ 5 ജില്ലകൾ
കലോത്സവ ചരിത്രത്തിൽ ഏറ്റവും അധികം കിരീടം നേടിയത് കോഴിക്കോടും (21), തിരുവനന്തപുരവും (17) ആണെങ്കിലും തൃശൂരിനാണ് മൂന്നാം സ്ഥാനം. ആറ് കിരീടങ്ങളാണ് തൃശൂരിനുള്ളത്. അഞ്ച് കിരീടങ്ങളുമായി കണ്ണൂർ നാലാമതുണ്ട്. നാലുതവണ വിജയികളായ പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളാണ് കിരീടനേട്ടത്തിൽ അഞ്ചാം സ്ഥാനത്ത്. കോട്ടയം രണ്ടുതവണയും കൊല്ലം ഒരു തവണയും കലോത്സവ വിജയികളായിട്ടുണ്ടെങ്കിലും മലപ്പുറം, കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഇതേവരെ കലോത്സവ കിരീടം നേടിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |