തൃശൂർ: അമൃത് പദ്ധതിയുടെ പേരിൽ ലാബ് നിർമ്മിക്കുന്നതിന് മുൻ മേയർ എം.കെ.വർഗീസ് നൽകിയ മുൻകൂർ അനുമതിയിൽ കോടികളുടെ തട്ടിപ്പ്. പുതിയ കൗൺസിലിനെ തന്ത്രപൂർവം നോക്കുകുത്തിയാക്കിയാണ് 4.28 കോടി അമൃത് പദ്ധതിയുടെ ഫണ്ടിലേക്ക് മാറ്റിയത്. കുടിവെള്ളത്തിൽ കീടനാശിനി, ഘനലോഹ വിഷാംശങ്ങളുണ്ടെന്ന് ഭീതി സൃഷ്ടിച്ചാണ് ലാബ് നിർമ്മിക്കാൻ പദ്ധതിയിട്ടത്. മുൻ മേയർ മുൻകൂർ അനുമതി നൽകിയത് കൗൺസിൽ പാസാക്കണമെന്നാണ് നിയമം. തിരഞ്ഞെടുപ്പ് സമയത്ത് ഇത് പാസാക്കാനുള്ള ലക്ഷ്യത്തിൽ കൗൺസിൽ യോഗം വിളിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് യോഗം കൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ കൗൺസിൽ പാസാക്കിയെന്ന് മിനിറ്റ്‌സുണ്ടാക്കിയാണ് പണം മാറ്റിയത്. നിലവിൽ ജില്ലയിൽ ഇത്തരം പരിശോധനകൾ നടത്തുന്നതിന് കോർറേഷൻ പരിധിയിൽ കാർഷിക സർവകലാശാലയിൽ സൗകര്യമുണ്ട്. കൂടാതെ കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും പരിശോധിക്കുന്നുണ്ട്. നിലവിലെ മേയറുടെ വാർഡായ കിഴക്കുംപാട്ടുകരയിലാണ് ലാബ് നിർമ്മിക്കുന്നത്. ജല അതോറിറ്റിയുമായി കൈകോർത്താണ് കോർറേഷനിലെ ഉദ്യോഗസ്ഥരുടെ നീക്കം. ലാബ് കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കാനുള്ള നീക്കമാണ് കഴിക്കുംപാട്ടുകര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ വി.സി.അജീഷിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
ഉദ്യോഗസ്ഥർക്കും പങ്ക്
ഹൈപവർ കമ്മിറ്റി വഴി കോർറേഷൻ ഫണ്ട് അമൃത് പദ്ധതിയിലേക്ക് മാറ്റിയതിന്റെ പിന്നിൽ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ആരോപണം. പുതിയ കൗൺസിൽ കൂടാനും സ്റ്റാൻഡിംഗ് കമ്മിറ്റി നിലവിൽ വരാനും സമയം കൊടുക്കാതെ ഡിസംബർ 31നകം ടെൻഡർ നടപടികൾ അവസാനിപ്പിക്കണമെന്ന നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് കോടികൾ മാറ്റിയത്. പീച്ചിയിൽ നിന്നുള്ള വെള്ളത്തിൽ കീടാനാശിനിയും ഘനലോഹങ്ങളുമുണ്ടെന്ന ഒരു പരാതി പോലും കോർറേഷനിൽ ലഭിച്ചിട്ടില്ല. ഭരണത്തിന്റെ അവസാന നിമിഷം ഈ നീക്കങ്ങൾക്കെല്ലാം പിന്നിൽ ഭരണം നിയന്ത്രിച്ചിരുന്ന പ്രമുഖ കൗൺസിലർമാരുടെ പിന്തുണയുണ്ടെന്നാണ് ആരോപണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |