മലപ്പുറം: ജപ്പാൻ ജ്വരത്തെ ചെറുക്കാൻ പ്രതിരോധ വാക്സിനുമായി ആരോഗ്യ വകുപ്പ്. ഒന്ന് മുതൽ 15 വയസ് വരെയുള്ള ജില്ലയിലെ 14,79,497 കുട്ടികൾക്ക് ജനുവരി മുതൽ മേയ് വരെ വാക്സിൻ നൽകും. ജനുവരിയും ഫെബ്രുവരിയും സ്‌കൂളുകൾ വഴിയും മാർച്ചിൽ അങ്കണവാടികൾ വഴിയുമാണ് നൽകുക. ശേഷം കുട്ടികളുടെ വാക്സിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി (ഒമ്പതാം മാസത്തിലും 15ാം മാസത്തിലും) നൽകുന്നത് തുടരും. വാക്സിനേഷൻ കാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം 12ന് രാവിലെ 10ന് തവനൂർ കേളപ്പജി മെമ്മോറിയൽ ഹൈസ്‌കൂളിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അസ്‌ലു നിർവഹിക്കും.
കൊതുകുകൾ വഴി പകരുന്ന ഗുരുതരമായ വൈറസ് രോഗമായ ജപ്പാൻ ജ്വരം കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. തീവ്രമായ പനിക്ക് ശേഷം ശക്തമായ തലവേദന, നിറുത്താതെയുള്ള ഛർദ്ദി, ബോധക്ഷയം, സ്ഥലകാല ബോധമില്ലായ്മ, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പലപ്പോഴും തുടക്കത്തിൽ രോഗം തിരിച്ചറിയാനാവില്ല. ഗുരുതരമാവുന്നവരിൽ അപസ്മാരവും ബോധക്കേടും സ്ഥിരമായ വൈകല്യവും മരണവും വരെ സംഭവിക്കാം. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരിൽ 30 ശതമാനം പേർ മരിക്കാം. 50 ശതമാനം പേർക്ക് വൈകല്യങ്ങളും ഉണ്ടാവുന്നുണ്ട്. ചികിത്സയില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ ഒരേയൊരു മാർഗം വാക്സിൻ നൽകുക എന്നതാണ്. 700 രൂപ വില വരുന്ന ഒരുഡോസ് വാക്സിൻ സർക്കാർ സൗജന്യമായാണ് വിതരണം ചെയ്യുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ.ജയന്തി അറിയിച്ചു. കൊതുക് വളരുന്ന സാഹചര്യം തടയുക, ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക, വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുക് കടിയേൽക്കാതിരിക്കാൻ ലേപനങ്ങളും കൊതുകു വലകളും ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ രോഗം തടയാൻ സ്വീകരിക്കണം. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ.അനൂപ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി.ഷുബിൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ.പമീലി, കെ.പി.സാദിഖ് അലി എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |