കൊല്ലം: ചെണ്ടയിൽ ഉയരുന്ന ഓരോ കോലും താഴ്വരയിലെ വെടിയൊച്ചകളായും മദ്ദളത്തിലെ താളം വിറങ്ങലിച്ച ഹൃദയമിടിപ്പായും മാറിയപ്പോൾ സദസ് നിശബ്ദമായി. പഹൽഗാം കൂട്ടക്കൊലയുടെ ചോരയുറയുന്ന ഓർമ്മകളെ സിനിമാ ഗാനങ്ങളുടെ ലാളിത്യവുമായി കോർത്തിണക്കി, കലാമണ്ഡലം വിജയകുമാർ അരങ്ങിലെത്തിച്ച 'ഒന്നു ചിരിക്കൂ ഒരിക്കൽക്കൂടി' കഥകളി കലാലോകത്തിന് നവ്യാനുഭവമായി.
പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നൂറുകണക്കിന് ആസ്വാദകരെ സാക്ഷിനിറുത്തിയാണ് കഥകളി ചരിത്രത്തിലെ പരീക്ഷണ അദ്ധ്യായം പിറന്നത്. പരവൂർ ജി.ദേവരാജൻ മാസ്റ്ററുടെ അനശ്വര ഗീതങ്ങളെ കഥകളിപ്പദങ്ങളാക്കി മാറ്റിയ ആവിഷ്കാരം, കഥകളിയെ അറിയുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ഹൃദ്യമായി. 'ചന്ദ്രകളഭം ചാർത്തി' എന്ന പദത്തിലൂടെ പ്രകൃതിയുടെ വശ്യതയും 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്നതിലൂടെ പ്രണയത്തിന്റെ അനുരാഗ ഭാവങ്ങളും അരങ്ങിൽ വിരിയിച്ചു. എന്നാൽ സുന്ദരമായ ആ വിവാഹ സ്വപ്നങ്ങളെ ഭീകരവാദത്തിന്റെ കരിനിഴൽ തകർത്തെറിഞ്ഞപ്പോൾ സദസിനുമുണ്ടായി വിങ്ങൽ. പ്രിയതമന്റെ ചോരപുരണ്ട മൃതദേഹം നെഞ്ചോട് ചേർത്ത്, 'ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കൽക്കൂടി' എന്ന് നായിക കേണപേക്ഷിക്കുമ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.
യുദ്ധവിരുദ്ധ സന്ദേശം പകർന്ന ആട്ടക്കഥ
കലാമണ്ഡലം വിജയകുമാർ ഒരുവർഷത്തെ കഠിനമായ ഗവേഷണത്തിലൂടെയാണ് യുദ്ധവിരുദ്ധ സന്ദേശം പകർന്നുനൽകിയ ആട്ടക്കഥ ചിട്ടപ്പെടുത്തിയത്. കഥകളി മുദ്രകൾ പരിചയമില്ലാത്തവർക്കുപോലും ഓരോ ചലനവും ഹൃദയത്തിൽ തൊടുന്നതായിരുന്നു. പരിചിതമായ പാട്ടുകൾ പദങ്ങളായി മാറിയപ്പോൾ അതൊരു പുതിയ ഭാഷയായി മാറി. സദനം ജ്യോതിഷ് ബാബുവിന്റെ സംഗീതവും സദനം രാമകൃഷ്ണൻ (ചെണ്ട), കലാമണ്ഡലം അനീഷ് (മദ്ദളം) എന്നിവരുടെ വാദ്യമേളങ്ങളും അവതരണത്തിന് ഭാവപ്പകർച്ചയേകി. പാരമ്പര്യത്തിന്റെ ചട്ടക്കൂടുകൾ തകർക്കാതെ ആധുനിക മനുഷ്യന്റെ നൊമ്പരങ്ങളെ മുദ്രകളിലേക്ക് പകർത്തിയ ആട്ടക്കഥ കാലം കാത്തുവയ്ക്കുന്ന കാവ്യനീതിയായി മാറി. ജി.എസ്.ജയലാൽ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ കൂടാതെ കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |