
തൃപ്പൂണിത്തുറ: പിറവം - തൃപ്പൂണിത്തുറ നടക്കാവ് റോഡിലെ പാഴൂർ മുതൽ നടക്കാവ് വരെയുള്ള ഭാഗത്തെ കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടുംവളവുകളും അമിതവേഗതയും യാത്രക്കാരുടെ ജീവനെടുക്കുന്നു. ആഴ്ചകൾക്കു മുമ്പ് പാഴൂർ ക്ഷേത്രത്തിന് മുന്നിലെ വളവിൽ ബൈക്ക് ലോറിയിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചിരുന്നു. പുലർച്ചെ ഭീകരശബ്ദം കേട്ടെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടന്ന രണ്ട് യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
മുല്ലൂർപടി മുതൽ നടക്കാവ് വരെയുള്ള അപകടമേഖലയിൽ പാഴൂർ ക്ഷേത്രക്കവലയിലെ വലിയ വളവ് കാരണം ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഡ്രൈവർമാർക്ക് കാണാനാകാത്തതാണ് അപകടകാരണം. 2 വർഷം മുമ്പ് മുളന്തുരുത്തി ഗവൺമെന്റ് ആശുപത്രിയിലെ നഴ്സ് മരിച്ചതും ഇതേ സ്ഥലത്താണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് റോഡ് മുറിച്ചുകടക്കാൻ ഡ്രൈവർമാരുടെ കനിവും ഈശ്വരാനുഗ്രഹവും വേണമെന്ന അവസ്ഥയാണ്.
ആരക്കുന്നം കടേയ്ക്കാവളവ്
നാലു മാസങ്ങൾക്കു മുമ്പ് കൃഷി ഡയറക്ടർ മുളന്തുരുത്തി കാരിക്കോട് സ്വദേശി ജോർജ് കള്ളാച്ചിയിൽ മരിച്ചതടക്കം നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. രക്ഷപ്പെട്ടത് വിരലിലെണ്ണാവുന്നവർ മാത്രം. ഓരോ അപകടങ്ങൾ കഴിയുമ്പോഴും പ്രതിഷേധങ്ങൾ ഉണ്ടാവുമെങ്കിലും പിന്നീടെല്ലാം സാധാരണ പോലെ.
അലൈൻമെന്റ് റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്നു
അപകടവളവുകൾ ഒഴിവാക്കി പേപ്പതിയിൽ നിന്ന് പിറവത്തേക്ക് പുതിയ റോഡ് നിർമ്മിക്കാനുള്ള അലൈൻമെന്റ് റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർക്ക് സമർപ്പിച്ച് 3 മാസമായിട്ടും നടപടിയില്ല. അനൂപ് ജേക്കബ് എം.എൽ.എ അനുവദിച്ച 6 ലക്ഷം രൂപ ഉപയോഗിച്ച് പ്രത്യേക ഏജൻസി തയ്യാറാക്കിയ ചെലവ് കുറഞ്ഞ നിർമ്മാണ റിപ്പോർട്ടാണ് ഉദ്യോഗസ്ഥ അനാസ്ഥയിൽ ചുവപ്പുനാടയിൽ കുടുങ്ങിയത്. വളവുകൾ നേരെയാക്കാൻ എം.എൽ.എ നിയമസഭയിൽ പലതവണ പദ്ധതികൾ അവതരിപ്പിച്ചെങ്കിലും സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി സർക്കാർ അവഗണിക്കുകയായിരുന്നു.
റോഡ് നേരെയാക്കുന്നതിലെ സാദ്ധ്യതാപഠനത്തിന് മുമ്പ് നാറ്റ്പാക്കിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കിയത്. നിലവിലെ റോഡിലെ അപകടവളവുകൾ ഒഴിവാക്കി കുറഞ്ഞ ചെലവിൽ പുതിയ പാത നിർമ്മിക്കാമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടാകാത്തത് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പേപ്പതി മുതൽ പാഴൂർ വരെ വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാർ അനുമതി ലഭിച്ചാൽ ഉടൻ തന്നെ സ്ഥലം ഏറ്റെടുത്ത് നിർമ്മാണം ആരംഭിക്കും.
അനൂപ് ജേക്കബ്
എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |