
മാമത്തേക്ക് സ്വകാര്യ ബസ് സ്റ്റാൻഡ് മാറ്റണമെന്ന്
ആറ്റിങ്ങൽ: മാമത്തെ വസ്തുക്കേസിൽ നഗരസഭയ്ക്ക് അനുകൂല വിധി വന്നതോടെ സ്വകാര്യ ബസ് സ്റ്റാൻഡ് മാറ്റത്തിന് നടപടികൾ വേണമെന്ന ആവശ്യം ശക്തം. ദേശീയപാത 66 സഞ്ചാരയോഗ്യമാകുന്നതോടെ നിലവിലെ ബസ് സ്റ്റാൻഡുകൾ അപ്രസക്തമാകും.
മാമത്തെ നിർദ്ദിഷ്ട ബസ് സ്റ്റാൻഡിന് സമീപമാണ് ദേശീയപാതയുടെ ബൈപ്പാസ് ആരംഭിക്കുന്നത്.ആറ്റിങ്ങൽ പട്ടണത്തിന്റെ വിവിധയിടങ്ങളിൽ പ്രവർത്തിച്ചിരുന്ന നാഷണലൈസ്ഡ് ബാങ്കുകൾ,ആർ.ടി ഓഫീസ്,നിരവധി സ്ഥാപനങ്ങൾ തുടങ്ങിയവ വർഷങ്ങൾക്ക് മുൻപുതന്നെ മാമത്തേക്ക് മാറ്റിക്കഴിഞ്ഞു.
ദേശീയപാതയിൽ ആറ്റിങ്ങൽ മേഖലയുടെ മുഖമായി മാമം മേഖല മാറിയിട്ടുണ്ട്. മാളുകളും ആശുപത്രികളും നിർമ്മാണത്തിലാണ്. ഇതിനെല്ലാം പുറമെ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും,അപകടങ്ങളും ഒഴിവാക്കാൻ ബസ് സ്റ്റാൻഡ് മാറ്റത്തിന് കഴിയും.
1998ൽ മാമത്ത് ആരംഭിച്ച ബസ് സ്റ്റാൻഡ് നിയമക്കുരുക്കിൽ കിടക്കുന്നതിനാൽ നിയമപരമായി സ്റ്റാൻഡ് മാറ്റം നടപ്പാക്കാൻ കഴിഞ്ഞില്ല. 65 വർഷം മുൻപ് നിർമ്മിച്ച നിലവിലെ ബസ് സ്റ്റാൻഡിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ ഇനിയും ബന്ധപ്പെട്ടവർക്കായിട്ടില്ല. സ്ഥലപരിമിതിയും നിമിഷങ്ങൾ മാത്രമുള്ള സ്വകാര്യ ബസ് ഷെഡ്യൂളുകളും ബസുകളുടെ അമിത വേഗതയ്ക്കും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
മാറ്റം വേണം
സ്വകാര്യ ബസുകളിലെ വേഗപ്പൂട്ട്,എയർഹോൺ തുടങ്ങിയവയുടെ ഉപയോഗം യഥാസമയം പരിശോധിക്കാനുള്ള തുടർനടപടികളുണ്ടായിട്ടില്ല. ഇത് വാഹനാപകടങ്ങൾ വർദ്ധിക്കാൻ കാരണമായി.
അനുകൂല ഘടകങ്ങൾ
മാമത്തെ ബസ് സ്റ്റാൻഡ് മാറ്റത്തിന് ഒരുപാട് അനുകൂല ഘടകങ്ങൾ നിലവിലുണ്ട്.റോഡരികിലെ നഗരസഭയുടെ വഴിയിടം യാത്രക്കാർക്ക് ഏറെ ഗുണകരമാകും.ബസ് പാർക്കിംഗിന് സ്ഥലസൗകര്യവും ഇവിടെയുണ്ട്.ഇനി വേണ്ടത് സ്വകാര്യ ബസുകളുടെ ടൈം ഷെഡ്യൂളുകളുടെ പുനർനിർണയം മാത്രമാണ്.അതിനുള്ള നടപടിക്രമങ്ങൾ വകുപ്പുതല ചർച്ചകളിൽ പൂർത്തിയാക്കേണ്ട ആവശ്യമേയുള്ളൂ.
ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റി ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കും ബസുകളുടെ അമിത വേഗതയും നിയന്ത്രിക്കണം.
വക്കം പ്രകാശ്,ആർ.ജെ.ഡി
ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ്
ക്യാപ്ഷൻ: നിർദ്ദിഷ്ട ബസ് സ്റ്റാൻഡിനായി മാമത്ത് കണ്ടെത്തിയ സ്ഥലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |