
അടൂർ : അനുദിനം വളർന്നു കൊണ്ടിരിക്കുന്ന തെക്കൻ കേരളത്തിലെ നഗരം എന്ന് അവകാശപ്പെടുന്ന അടൂരിൽ പേരിനുപോലും ഇല്ല സിനിമ പ്രദർശനം.കൊട്ടിഘോഷിക്കപ്പെടുന്ന സിനിമ പാരമ്പര്യത്തിന് തന്നെ ഇത് നാണക്കേടാകുകയാണ്. 100കോടി ക്ലബിൽ കളക്ഷൻ റെക്കാഡ് നേടിയ നിരവധി സിനിമകൾ കഴിഞ്ഞുപോയ വർഷങ്ങളിൽ റിലീസ് ചെയ്തിട്ടും തീയേറ്ററിൽ സിനിമ കാണാനുള്ള ഭാഗ്യം അടൂർ നിവാസികൾക്കില്ല. പുതിയ റിലീസ് ചിത്രങ്ങൾ കാണണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് പത്തനംതിട്ട ട്രിനിറ്റിയിലോ, നൂറനാട് സ്വാതിയിലോ, കൊട്ടാരക്കര മിനർവയിലോ, പത്തനാപുരം ആശിർവാദിലോ പോകേണ്ട സ്ഥിതിയാണ്. പട്രോൾ ചെലവും മറ്റുമുണ്ടെങ്കിൽ ഒരുസിനിമ കൂടി കാണാൻ കഴിയും എന്നാണ് സിനിമ പ്രേമികളുടെ അഭിപ്രായം. ഒരു കാലത്ത് അടൂരിന്റെ പ്രധാന തീയേറ്ററുകളായിരുന്ന സ്മിതയും, നയനവും, നാദവും നിലവിൽ പ്രവർത്തിക്കുന്നില്ല. ആധുനിക രീതിയിൽ നിർമ്മാണം പുരോഗമിക്കുന്നുവെന്ന് പ്രചരണം നടക്കുന്ന നയനത്തിലും നാദത്തിലും എന്ന് പ്രദർശനം ആരംഭിക്കും എന്നും വ്യക്തതയില്ല. ആഴ്ചകൾക്ക് മുൻപ് നടന്ന അടൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവമുള്ള തീയേറ്റർ പ്രവർത്തിക്കാത്തതിനാൽ സ്വകാര്യ ഹോട്ടലിലാണ് നടത്തിയത്. നഗരസഭയ്ക്ക് നികുതി വരുമാനവും അടൂർ നഗരത്തിലെ വ്യാപാരികൾക്ക് നേട്ടവും തീയേറ്റർ പ്രവർത്തനമുണ്ടെങ്കിൽ ലഭിക്കും എന്നതിൽ സംശയമില്ല. എല്ലാ ദിശയിലും വാഹനസൗകര്യം കൂടി ഉള്ളതിനാൽ അന്യദേശത്തു നിന്ന് പോലും സിനിമ കാണാൻ അടൂരിലേക്ക് വരാൻ കഴിയും.
...................................
ചെറുപ്പത്തിലേ സിനിമാകാഴ്ചകളിൽ അടൂരിലെ സിനിമ തീയേറ്ററുകൾ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. നിലവിൽ എന്റെ ജന്മനാടായ അടൂരിൽ സിനിമ കാണാൻ തീയേറ്ററുകൾ പ്രവർത്തിപ്പിക്കാത്തത് ഏറെ വിഷമകരമാണ്.
വിഷ്ണു മോഹൻ
(സിനിമ സംവിധായകൻ
ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവ്)
...........................................................
വീട്ടിൽ നിന്നും നടന്നു പോയി സിനിമ കണ്ട കാലഘട്ടം ഓർമ്മയിലുണ്ട്. സിനിമ കാണാൻ ഇപ്പോൾ കിലോമീറ്ററുകൾക്കപ്പുറം പോകേണ്ടി വരുന്ന അവസ്ഥ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഡോ.സൂരജ് രാജൻ
(സിനിമ തിരക്കഥാകൃത്ത്)
.........................................................
എഴുത്തും സാഹിത്യവും സിനിമയും മുഖമുദ്ര യായ അടൂരിൽ സിനിമാ തിയേറ്റർ ഇല്ലാതിരിക്കുമ്പോൾ
ഈ നാടിനെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് എന്ന സംശയമാണ് സാംസ്കാരിക പ്രവർത്തകർക്കുള്ളത്.
സി.സുരേഷ് ബാബു
(പ്രസിഡന്റ്, സിനിമേറ്റ്സ്
ഫിലിം സൊസെറ്റി അടൂർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |