സംഭവം ചേരാനെല്ലൂരിൽ
കണ്ണൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി: അർദ്ധരാത്രി ഫ്ലാറ്റിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികപീഡനത്തിന് ഇരയാക്കാൻ യുവാവിന്റെ ശ്രമം. രക്ഷപ്പെടുത്താൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും യുവാവ് മർദ്ദിച്ച് അവശനാക്കി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പൊലീസ് കീഴ്‌പ്പെടുത്തി. കണ്ണൂർ സ്വദേശി കെ.പി. സനുവാണ് (31) അറസ്റ്റിലായത്. ചേരാനെല്ലൂർ സെന്റ് ജെയിംസ് പള്ളിക്ക് സമീപം ഞായറാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു നാടകീയസംഭവം.
സനുവിനെതിരെ പീഡനശ്രമത്തിനും പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനുമായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. 31കാരിയായ പത്തനംതിട്ട സ്വദേശിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്.
ചേരാനെല്ലൂർ സ്റ്റേഷനിലെ എസ്.ഐ വൈ. സാംലെസ്ലി (53), സിവിൽ പൊലീസ് ഓഫീസർമാരായ ബിമൽ (40), വിഷ്ണുകുമാർ (35) എന്നിവർക്കാണ് പരിക്കേറ്റത്. എസ്.ഐയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. സി.പി.ഒമാരുടെ കൈവിരലുകൾക്ക് പൊട്ടലുണ്ട്. മൂവരും ആശുപത്രിയിൽ ചികിത്സ തേടി.
വിവാഹബന്ധം വേർപ്പെടുത്തി കഴിയുന്ന യുവതി ചേരാനെല്ലൂരിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സനുവിനെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലുമായി. യുവതിയുടെ പങ്കാളി സ്ഥലത്തില്ലെന്ന് മനസിലാക്കിയ സനു, രാത്രിയോടെ ഫ്ലാറ്റിൽ എത്തി. മദ്യലഹരിയിലായിരുന്ന ഇയാൾ കടന്നുപിടിച്ചപ്പോൾ കരാട്ടെ ബ്ലാക്ക് ബെൽറ്റായ യുവതി ചെറുത്തുനിന്നു. പിന്നീട് പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സഹായം തേടുകയായിരുന്നു.
കൺട്രോൾ റൂമിന്റെ അറിയിപ്പ് കിട്ടി റോമിയോ പാർട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന ബിമലാണ് ആദ്യം യുവതിയുടെ ഫ്ലാറ്റിൽ എത്തിയത്. പൊലീസിനെ കണ്ട് അക്രമാസക്തനായ സനു, ബിമലിനെ കൈയേറ്റം ചെയ്തു. തുടർന്നാണ് എസ്.ഐ സാം ലെസ്ലിയും ഡ്രൈവറായ വിഷ്ണുകുമാറും എത്തുന്നത്. ഫ്ലാറ്റിലെ ടി.വിയും മറ്റും എടുത്തായിരുന്നു ഇയാൾ പൊലീസിനെ ആക്രമിച്ചത്. അടി തടയാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാരുടെ കൈവിരലുകൾക്ക് പരിക്കേറ്റത്. അയൽവാസികളുടെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സനു എറണാകുളത്ത് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ബന്ധുക്കളെ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സുഹൃത്തിനെയാണ് അറസ്റ്റും റിമാൻഡുമെല്ലാം അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |