
കോട്ടയം : പഴുക്കാനില കായൽ ശുചീകരണത്തിന് സർക്കാർ കിഫ്ബി ഫണ്ട് അനുവദിച്ചതോടെ വേമ്പനാട്ടുകയലിൽ ഇനി ഒഴുക്കാകും. സമീപ ആറുകളിലും തോടുകളിൽ നിന്നും വെള്ളം കായലിലേക്ക് ഒഴുകി എത്തുന്നതോടെ വെള്ളപ്പൊക്കത്തിനും ശമനമായേക്കും. മീനച്ചിലാറും, കൊടൂരാറും പതിക്കുന്നത് കോട്ടയം നഗരത്തോടും തിരുവാർപ്പ് പഞ്ചായത്തിനോടും ചേർന്നുള്ള പഴുക്കാനില കായലിലാണ്. വർഷങ്ങളായി ആറുകളിൽ നിന്ന് ഒഴുകിയെത്തിയ എക്കലടിഞ്ഞ് രണ്ടു കിലോമീറ്ററിലേറെ നീളത്തിലും വീതിയിലുമുള്ള തുരുത്ത് രൂപപ്പെട്ടിരുന്നു. ആഴവും കുറഞ്ഞു. ഒഴുക്കും നിലച്ചു. കൊടൂരാർ, മീനച്ചിലാർ തീരങ്ങളിലുള്ള കരപ്രദേശങ്ങളിലേക്ക് വെള്ളം പരന്നൊഴുകി സ്ഥിരം വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു. ശുചീകരണത്തിന്റെ ഭാഗമായി ഡ്രഡ്ജിംഗിലൂടെ എക്കൽ നീക്കി ഒഴുക്ക് സുഗമമാകും. സുഗമമായ ജലഗതാഗതത്തിനും, കൃഷിയ്ക്കും ഇത് നേട്ടമാകും.
അനുവദിച്ചത് : 103. 73 കോടി
തളിരിടും കർഷക പ്രതീക്ഷകൾ
കായലിൽ അടിഞ്ഞു കിടക്കുന്ന എക്കൽ കോരിയെടുത്ത് ഒമ്പതിനായിരം, തിരുവായ്ക്കരി, കോട്ടയം നഗരസഭയുടെ ഭാഗമായ എഫ് ബ്ലോക്ക് എന്നീ പാടശേഖരങ്ങളുടെ 27.8 കിലോമീറ്റർ പുറംബണ്ടുകൾ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കും. മടവീഴ്ച, വെള്ളപ്പൊക്കം, വേലിയേറ്റം എന്നിവയിൽ നിന്ന് രക്ഷനേടുന്നതിലൂടെ കൃഷിയ്ക്ക് പുത്തൻ ഉണർവേകും. വർഷത്തിൽ രണ്ടു കൃഷി ചെയ്യാം. പുറംബണ്ട് റോഡാകുന്നതോടെ വള്ളത്തിലും മറ്റും കയറ്റി നെല്ല് വാഹനസൗകര്യമുള്ളിടത്ത് എത്തിക്കുന്നതിനുള്ള അധിക കൂലിച്ചെലവ് കുറയ്ക്കാം. പോളയും പായലും ഒഴുകി മാറുന്നതോടെ മത്സ്യത്തൊഴിലാളികൾക്കും ഗുണകരമാകും.
ടൂറിസത്തിനും ഗുണകരം
വേമ്പനാട്ടുകായലിലൂടെ വരുന്ന ജലവാഹനങ്ങൾക്ക് യാത്രാ ദിശ തിരിച്ചറിയാൻ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച മൺട്രോ വിളക്കുമരം ഇവിടാണ്. പുറംബണ്ട് റോഡാകുന്നതോടെ നഗരവാസികൾക്ക് വാഹനങ്ങളിലെത്തി കായൽ കാറ്റേറ്റ് സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള വിനോദസഞ്ചാര കേന്ദ്രമായും മാറും.
''മീനച്ചിലാർ - മീനന്തറയാർ കൊടൂരാർ നദീ പുനസംയോജന പദ്ധതി സമിതിയും മലരിക്കൽ ടൂറിസം സൊസൈറ്റിയും സമീപ പഞ്ചായത്തുകളും വർഷങ്ങളായി പഴുക്കാനില പദ്ധതിക്കായുള്ള പരിശ്രമത്തിലായിരുന്നു. കായലിലെ ചെളി ഉപയോഗിച്ച് ബണ്ട് നിർമ്മിക്കുന്ന മാതൃകാ പദ്ധതി മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിനും വഴിയൊരുക്കും.
-അഡ്വ.കെ.അനിൽകുമാർ ( പദ്ധതി കോ-ഓർഡിനേറ്റർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |