
കാഞ്ഞിരപ്പള്ളി : ഞങ്ങളെ എങ്ങനെ വീട്ടിൽ പോകും. എത്രമണിക്കൂറായി ബസ് കാത്തുനിൽക്കുന്നു. ഈ കാത്തിരിപ്പ് ദുരിതം എന്നവസാനിക്കും. അധികൃതർ ഇനിയും ഇത് കണ്ടില്ലെന്ന് നടിക്കരുത്. കാഞ്ഞിരപ്പള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നഴ്സിംഗ് എജ്യൂക്കേഷൻ കോളേജിലെ വിദ്യാർത്ഥിയുടെ വാക്കുകളിൽ രോഷവും, സങ്കടവും അണപൊട്ടുകയാണ്. ദേശീയപാതയിൽ മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അഹങ്കാരത്തിൽ പെരുവഴിയിലാകുന്നത് നിരവധി വിദ്യാർത്ഥികളാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യബസുകൾപായുന്നത് പതിവാണ്. സ്റ്റോപ്പുകളിൽ നിന്ന് ദൂരെ മാറ്റിനിറുത്തുക, ഡോർ തുറക്കാതിരിക്കുക, നിറുത്തിയാൽ തന്നെ കയറാൻ തുടങ്ങുമ്പോൾ ബെല്ലടിക്കുക, ഫുൾടിക്കറ്റ് ചാർജ് ചെയ്യുക തുടങ്ങി നിരവധി പരാതികളാണുയരുന്നത്.
കാഞ്ഞിരപ്പള്ളി നഴ്സിംഗ് കോളേജിലെ കുട്ടികൾ പൊടിമറ്റം ഭാഗത്ത് ബസ് നിറുത്താത്തത് മൂലം ഒരു മണിക്കൂറോളം താമസിച്ചാണ് കോളേജിലും തിരികെ ഹോസ്റ്റലിലും എത്തിച്ചേരുന്നത്.
ചോദ്യം ചെയ്താൽ അസഭ്യവർഷം
അമിതവേഗവും മറ്റും ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ അസഭ്യം പറയുന്നത് പതിവാണ്. തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് മത്സരയോട്ടം. വിദ്യാർത്ഥികളെ ഉൾപ്പെടെ കയറ്റാതെ സ്‌റ്റോപ്പിൽ നിന്ന് മാറ്റിയാണ് പലപ്പോഴും സ്വകാര്യബസുകൾ നിറുത്തുന്നത്. മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പായുന്ന ബസുകൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. കോട്ടയം - എറണാകുളം റൂട്ട് കൈയടക്കി വച്ചിരിക്കുന്നത് ചില കുത്തകമുതലാളിമാരാണ്. ഇവരുടെ ബസുകൾ നിരവധിത്തവണയാണ് അപകടമുണ്ടാക്കിയിരിക്കുന്നത്. പൊലിഞ്ഞത് നിരവധി മനുഷ്യജീവനുകൾ. ജനരോഷം ശക്തമായതോടെ ബസുകളുടെ പേര് മാറ്റി ശ്രദ്ധതിരിക്കാനാണ് ശ്രമം.
മത്സരയോട്ടം ഈ റോഡുകളിൽ
കോട്ടയം - എറണാകുളം
ചങ്ങനാശേരി - വാഴൂർ
കോട്ടയം - കോഴഞ്ചേരി
കറുകച്ചാൽ - മണിമല
മുണ്ടക്കയം - കാഞ്ഞിരപ്പള്ളി
കെ.കെ റോഡ്
മണർകാട് - പാലാ
സ്പീഡ് ഗവർണർ വിച്ഛേദിച്ച്
മ്യൂസിക് സിസ്റ്റത്തിന്റെ അമിത ഉപയോഗം
മ്യൂസിക്കൽ എയർഹോണുകൾ
ഡ്രൈവർ ക്യാബിൻ തിരിക്കാറില്ല
വാതിലുകൾ തുറന്നിടൽ
യൂണിഫോം, നെയിംബാഡ്ജ് ഇല്ല
''കുട്ടികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസുകൾ നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ പൊലീസിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണം.
-രക്ഷിതാക്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |