
കൊച്ചി: കൊച്ചിയുടെ ജനകീയ പ്രതിഷേധങ്ങളുടെ വേദിയായ എറണാകുളം മറൈൻഡ്രൈവിന് സമീപത്തെ വഞ്ചി സ്‌ക്വയറിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിൽ വീണ്ടും സമരത്തിന് അരങ്ങൊരുങ്ങുന്നു. അതിജീവിതയായ കന്യാസ്ത്രീയെ ഉൾപ്പെടുത്തി ബഹുജന സമരപരമ്പരയാണ് ഒരുങ്ങുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ കേസിൽ അപ്പീൽ വാദത്തിനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റും സേവ് അവർ സിസ്റ്റേഴ്‌സും സംയുക്തമായി നിവേദനം നൽകിയിരുന്നു. 10 ദിവസത്തിനകം അനുകൂല തീരുമാനമായില്ലെങ്കിൽ വഞ്ചി സ്‌ക്വയറിൽ ശക്തമായ സമരപരമ്പര ആരംഭിക്കാനാണ് സംഘടനകളുടെ തീരുമാനം.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ അപ്പീൽ വാദത്തിനായി അതിജീവിത വിശ്വാസമർപ്പിക്കുന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം നാലുവർഷമായി അതിജീവിതയായ കന്യാസ്ത്രീ ഉൾപ്പെടെ ഉന്നയിച്ചിരുന്നു. നേരിട്ടും നിവേദനങ്ങൾ വഴിയും നൽകിയ ആവശ്യങ്ങളോട് മുഖ്യമന്ത്രി മൗനമാണ് തുടരുന്നതെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിസംഗത കഴിഞ്ഞ ദിവസം സിസ്റ്റർ റാണിറ്റ ഈയിടെ തുറന്നുപറഞ്ഞിരുന്നു. അനുകൂല നിലപാടുണ്ടാവാത്ത പശ്ചാത്തലത്തിലാണ് സംഘടനകൾ വീണ്ടും സമരം ആലോചിക്കുന്നത്.
2022ലെ വിചാരണക്കോടതി വിധി നീതിയുക്തമല്ലെന്നാണ് കന്യാസ്ത്രീയെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. തെളിവുകളെ ശരിയായ രീതിയിൽ വിലയിരുത്തുന്നതിൽ കോടതിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ആരോപണം. സമരപരിപാടികളെക്കുറിച്ച് ആലോചിക്കാൻ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം 15ന് കൊച്ചിയിൽ ചേരും.
വിധി ഹൈക്കോടതിയിൽ തിരുത്തപ്പെടാൻ പ്രഗത്ഭനായ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആവശ്യമാണ്
ഫെലിക്‌സ് ജെ. പുല്ലൂടൻ,
ചെയർമാൻ
സേവ് ഔർ സിസ്റ്റേഴ്സ്
കന്യാസ്ത്രീകൾ തെരുവിൽ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 സെപ്തംബറിലാണ് കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ ഉൾപ്പെടെ അഞ്ചു കന്യാസ്ത്രീകൾ വഞ്ചി സ്‌ക്വയറിൽ സമരം നടത്തിയത്. 13 ദിവസം നീണ്ട സമരത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. സിസ്റ്റർ ലൂസി കളപ്പുര, ഫാ. അഗസ്‌റ്റിൻ വട്ടോളി ഉൾപ്പെടെ പങ്കെടുത്ത സമരത്തിന് ശേഷമാണ് ബിഷപ്പ് അറസ്റ്റിലായത്.
വഞ്ചി സ്‌ക്വയർ
എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപം
കൊച്ചിയുടെ ജന്തർ മന്ദിർ എന്നും വിളിക്കുന്നു
കൊച്ചിയുടെ പൊതുസമര, പ്രതിഷേധ വേദി
പ്രധാന സമരങ്ങൾ
കന്യാസ്ത്രീകൾ നടത്തിയ ധർണ
മുനമ്പം ഐക്യദാർഢ്യ സംഗമം
മുല്ലപ്പെരിയാർ സംരക്ഷണ സമരം
വിവിധ മനുഷ്യാവകാശ സമരങ്ങൾ
യു.പി.ഐ.എ വിരുദ്ധ സമരം
ബിനാലെയിലെ വിവാദ ചിത്രത്തിനെതിരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |