
കൊച്ചി: കേസൊതുക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയ കൊല്ലത്തെ കണ്ടുഅണ്ടി വ്യവസായി അനീഷ് ബാബുവിനെ ഇ.ഡി കസ്‌റ്റഡിയിലെടുത്തു. കശുഅണ്ടി ഇറക്കുമതിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിലാണിത്. പത്തു തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കൊച്ചിയിലെത്തിയപ്പോൾ കസ്റ്റഡിലെടുത്തത്. ഹാജരാകാത്തതിന് ഇയാൾക്കെതിരെ കോടതിയിൽ ഇ.ഡി പരാതി നൽകിയിരുന്നു.
ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാർ ഇടനിലക്കാരൻ മുഖേന രണ്ടുകോടി രൂപ കോഴ ചോദിച്ചെന്നാരോപിച്ച് അനീഷ് വിജിലൻസിന് പരാതി നൽകിയിരുന്നു.
എസ്.പി എസ്. ശശിധരനെ വിജിലൻസിൽ നിന്ന് മാറ്റിയതോടെ അന്വേഷണം മരവിച്ചെന്ന് ആരോപിച്ചും അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടും അനീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ സി.ബി.ഐയ്ക്ക് അടക്കം നോട്ടീസിന് നിർദ്ദേശിക്കുകയും ചെയ്തു. ഹർജിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴാണ് കസ്റ്റഡിയിലായത്.
കരാർ ലംഘനത്തിൽ ചില കശുഅണ്ടി വ്യാപാരികൾ നൽകിയ പരാതിയിൽ അനീഷ് ബാബുവിനും മാതാപിതാക്കൾക്കുമെതിരെ നേരത്തേ കൊട്ടാരക്കര പൊലീസ് കേസെടുത്തിരുന്നു. വിഷയത്തിൽ കള്ളപ്പണ ഇടപാട് സംശയിച്ചാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്. തുടർന്ന് കേസ് ഒതുക്കാൻ കോഴ ചോദിച്ചെന്നാണ് ആരോപണം.
ഫോൺ പരിശോധനയ്‌ക്കും മറ്റും പരാതിക്കാരൻ സഹകരിക്കാത്തതിനാലാണ് വിജിലൻസ് അന്വേഷണം മുന്നോട്ടു നീങ്ങാത്തതെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ അറസ്റ്റിന് സാദ്ധ്യതയുള്ളതിനാലാണ് ഹാജരാകാത്തതെന്ന് ഹർജിക്കാരനും അറിയിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും ഫോണിന്റെ പാസ്‌വേഡ് ദൂതൻ വഴി കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. വിശദീകരണത്തിന് സി.ബി.ഐ സമയം തേടിയതിനെ തുടർന്ന് ഹർജി 22ന് പരിഗണിക്കാൻ മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അനീഷിനെ ഇ.ഡി. കസ്റ്റഡിയിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |