
പൂവാർ: തെക്കൻ കേരളത്തിലെ പ്രധാന ചെറുകിട വ്യവസായങ്ങളിൽ ഒന്നായ, ഇഷ്ടിക നിർമ്മാണമേഖല പ്രതിസന്ധിയിൽ.വിശാലമായ ഇഷ്ടികക്കളങ്ങൾ ഇന്ന് കാണാനേയില്ല.തൊഴിൽ നഷ്ടപ്പെട്ടവരിൽ ചിലർ മറ്റ് മേഖലകൾ തേടിപ്പോയി. മറ്റുചിലർ പുതിയ മേഖല കണ്ടെത്താനാകാതെ അന്യനാടുകളിൽ ചേക്കേറി.പ്രതിസന്ധി രൂക്ഷമായി തുടങ്ങിയതോടെ ചൂളകൾ ഓരോന്നായി തകർന്നുവീണു. തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകടയ്ക്ക് സമീപം കാലുംമുഖം ഭാഗത്ത് അവശേഷിച്ചിരുന്ന ചൂളകൾ പൂർണമായും നിശ്ചലമാണ്.
ഇഷ്ടിക നിർമ്മിക്കാൻ 'പഗ്ഗ്" മിഷ്യൻ വന്നതോടെ തൊഴിലാളികളെ കുറയ്ക്കാനും,അതിലൂടെ ഉത്പാദനച്ചെലവ് നിയന്ത്രിക്കാനുമായി.എന്നാൽ ദൂരെസ്ഥലങ്ങളിൽ കളിമണ്ണ് കിട്ടാനുണ്ടെങ്കിലും പെർമിറ്റില്ലാത്തതിനാൽ ലോറിയിൽ കൊണ്ടുവരാൻ കഴിയുന്നില്ല.
ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കാൾ വിലക്കുറവിന് പ്രാധാന്യം ഏറിയതാണ് ഇഷ്ടിക നിർമ്മാണമേഖല ഇത്രമേൽ പ്രതിസന്ധി നേരിടാൻ കാരണമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരു ചൂളയിൽ കുറഞ്ഞത് 15 മുതൽ 20 വരെ തൊഴിലാളികൾ പ്രത്യക്ഷമായി പണിയെടുക്കുന്നു.പരോക്ഷമായി പിന്നെയും തൊഴിലവസരങ്ങൾ ഇവിടങ്ങളിലുണ്ട്. തകർച്ച നേരിടുന്ന പരമ്പരാഗത ചെറുകിട വ്യവസായമായ ഇഷ്ടിക വ്യവസായത്തെ സംരഷിക്കാൻ സർക്കാർ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.
പ്രതിസന്ധിക്ക് കാരണം
പുതിയ ഭൂവിനിയോഗ നിയമം വന്നതോടുകൂടി മണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണമുണ്ടായി.അതോടെ കളിമണ്ണ് കിട്ടാതെയായി.കൂടാതെ സിമന്റ് കല്ലുകളുടെ കടന്നുവരവും പ്രതിസന്ധി സൃഷ്ടിച്ചു. ഇവ തരണം ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം തമിഴ്നാട് കല്ല് വില കുറച്ചുകിട്ടുന്നതും പ്രതിസന്ധി രൂക്ഷമാക്കി.
ഒരു ചൂളയിൽ ഒരു പ്രാവശ്യം 50,000 മുതൽ 1 ലക്ഷം വരെ ഇഷ്ടിക നിർമ്മിക്കാനാകും
അടുത്ത കാലം വരെ നെയ്യാറ്റിൻകര താലൂക്കിന്റെ കിഴക്കൻ മേഖല ഇഷ്ടിക നിർമ്മാണത്തിൽ പേരുകേട്ട ഇടങ്ങളായിരുന്നു.
ഇവിടെ നിർമ്മിക്കുന്ന കല്ലുകൾക്ക് 3 ഇഞ്ച് കനവും നാലര ഇഞ്ച് വീതിയും 9 ഇഞ്ച് നീളവുമുണ്ട്.പൂഴിമണൽ ചേരാത്തതിനാൽ ബലവും കൂടുതലാണ്. ഇത്രയും വലിപ്പം തമിഴ്നാട് കല്ലിനില്ല. നിറത്തിനുവേണ്ടി പൂഴിമണൽ ചേർത്താണ് അവർ ഇഷ്ടിക നിർമ്മിക്കുന്നത്.
മണ്ണ് പാകപ്പെടുത്തുന്നതും,കല്ലുണ്ടാക്കുന്നതും,അവ ഉണക്കി പരുവപ്പെടുത്തുന്നതും,പിന്നെയത് ചൂളകളിൽ അടുക്കി വേവിച്ചെടുക്കുന്നതും പ്രത്യേകം പ്രാവീണ്യമുള്ള തൊഴിലാളികളാണ്. ഈ കല്ലുകൾക്ക് വിപണിയിൽ നല്ല മാർക്കറ്റായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |