
കുട്ടനാട് : മരണാനന്തരം തങ്ങളുടെ ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകാൻ സമ്മതപത്രം നൽകി സാംസ്കാരിക പ്രവർത്തകനും കുടുംബവും.
പി.എൻ.പണിക്കൽ ഫൗണ്ടേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സാമൂഹ്യ,സാസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ കാവാലം കൃഷ്ണവിഹാറിൽ സുരേഷ് ബാബു, ഭാര്യ യോഗ ട്രെയിനറായ ബിന്ദുമോൾ (ലേഖ കാവാലം), മകൾ ബിരുദപഠനത്തിന് ശേഷം ഡയറ്റീഷ്യൻ കോഴ്സ് ചെയ്യുന്ന ഗൗരി ശങ്കരി, മകൻ ബിരുദപഠനത്തിന് ശേഷം ക്വാളിറ്റി കൺട്രോളിംഗ് (പെട്രോളിയം) കോഴ്സ് പഠിക്കുന്ന ദയാൽ എന്നിവരാണ് സമ്മതപത്രം നൽകിയത്. മരണശേഷം തങ്ങളുടെ ശരീരം വൈദ്യശാസ്ത്രത്തിന് മുതൽക്കൂട്ടാകണം എന്ന ചിന്തയാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജ് അനാട്ടമി ഡിപ്പാർട്ടുമെന്റ് അസി. പ്രൊഫസർ ഡോ.സ്മിത ജി.രാജ് സമ്മതപത്രം ഏറ്റുവാങ്ങി.
സുരേഷ് ബാബുവിനെപ്പോലെ പൊതുരംഗത്ത് സജീവമാണ് ഭാര്യ ബിന്ദുമോളും. കുങ്ഫുവിൽ സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. കുങ്ഫു നാഷണൽ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണമെഡൽ ജേതാവാണ് മകൻ ദയാൽ. ഗൗരി ശങ്കരിയും കുങ്ഫു ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
2018ലെ പ്രളയകാലത്തെ അനുഭവങ്ങളെ ആസ്പദമാക്കി സുരേഷ് ബാബു രചിച്ച 'കനൽ തേടുന്ന കാവൽമാടങ്ങൾ' എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |