
കണ്ണൂർ: പള്ളിക്കുന്നിലെ വീടുകളിലെ കിണറുകളിൽ സെൻട്രൽ ജയലിലിലെ പമ്പിൽ നിന്നും പെട്രോളും ഡീസലും കലരുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഉയരുന്ന പ്രതിഷേധത്തിൽ പങ്കുചേർന്ന് ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗവും.മുസ്ലീംലീഗിലെ പി .പി. ജമാൽ അവതരിപ്പിച്ച അടിയന്തിര പ്രമേയം കൗൺസിൽ ഏകകണ്ഠമായി യോഗം അംഗീകരിച്ചു.പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകുന്നതു വരെ പമ്പ് അടച്ചുപൂട്ടണമെന്നും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചിലവിൽ പ്രശ്നബാധിത വീടുകളിൽ കുടിവെള്ള വിതരണവും കിണർ ശുചീകരണവും നടത്തണമെന്നും സർക്കാരിനോടും ജില്ലാ ഭരണകൂടത്തിനോടും ആവശ്യപ്പെട്ടുള് പ്രമേയമാണ് കൗൺസിൽ അംഗീകരിച്ചത്.
പ്രദേശത്ത് ദുരന്ത നിവാരണ വകുപ്പിന്റെ മേൽനോട്ടത്തിൽ അടിയന്തിര തുടർനടപടി സ്വീകരിക്കണമെന്നും പ്രമേയം നിർദ്ദേശിച്ചിട്ടുണ്ട്.
മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രമുണ്ടായിട്ടും കാറുകൾ പുറത്ത്
അത്യാധുനിക സൗകര്യത്തോടെയുള്ള മൾട്ടിലെവൽ കാർ പാർക്കിംഗ് കേന്ദ്രത്തിൽ കാറുകൾ പാർക്ക് ചെയ്യാത്ത വിഷയം അഡ്വ.ലിഷ ദീപക് കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തി. മിക്ക വാഹനങ്ങളും പുറത്തുള്ള സ്ഥലത്തും തൊട്ടടുത്തുള്ള ടൗൺ പൊലീസ് സ്റ്റേഷന് മുൻ വശത്തും ഉൾപ്പെടെ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചുചേർത്ത് ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മേയർ കൗൺസിലിന് ഉറപ്പ് നൽകി. കൗൺസിൽ യോഗത്തിൽ സർക്കാരിനെ നിരന്തരം വിമർശിക്കുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷത്തെ വി .കെ.പ്രകാശിനി, കെ.സീത എന്നിവർ യോഗത്തിൽ അഭിപ്രായപ്പെട്ടു.റിജിൽ മാക്കുറ്റി,പി.മഹേഷ്, ഡോ.കെ.സി.വത്സല,അനിൽകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനെതിരെ നിയമനടപടി
കോർപറേഷനിലെ ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് മേയർ അഡ്വ.പി.ഇന്ദിര കൗൺസിലിൽ പറഞ്ഞു.ഉദ്യോഗസ്ഥരുടെ അഭാവം കോർപറേഷന്റെ വികസന പ്രവർത്തനത്തെ ബാധിക്കുന്നതിനാലാണ് നിയമനടപടി സ്വീകരിക്കേണ്ടിവരുന്നതെന്നും മേയർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കോർപറേഷൻ അസി.എൻജിനീയറെസ്ഥലം മാറ്റിയ വിഷയം പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ റിജിൽ മാക്കുറ്റി ചൂണ്ടികാണിച്ചപ്പോഴായിരുന്നു മേയറുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |