
കിളിമാനൂർ: കുറഞ്ഞ ചെലവിൽ കുടിവെള്ളമെന്ന ആശയുവുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് നാടപ്പിലാക്കിയ വാട്ടർ എ.ടി.എമ്മിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളാകുന്നു. വഴി യാത്രക്കാർക്കായി 2019ൽ ആവിഷ്കരിച്ച പദ്ധതിയാണ് വാട്ടർ എ.ടി.എം. ഒരു രൂപയ്ക്ക് അര ലിറ്റർ കുടിവെള്ളം നൽകുകയെന്ന നൂതന ആശയമായിരുന്നു പദ്ധതിക്ക് പിന്നിൽ. ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ പ്രധാനപ്പെട്ട അഞ്ചിടങ്ങളിൽ 10ലക്ഷം രൂപ ചെലവഴിച്ചാണ് അക്വാസെക് എന്ന കമ്പനിയുടെ 5 വാട്ടർ എ.ടി.എം കൗണ്ടറുകൾ സ്ഥാപിച്ചത്. 20രൂപയ്ക്ക് 1ലിറ്റർ വെള്ളം കമ്പോളത്തിൽ നിന്ന് വാങ്ങാൻ കഴിയുന്നിടത്ത് ഒരു രൂപയ്ക്ക് അര ലിറ്റർ വെള്ളം ലഭിക്കുന്ന പദ്ധതി ജനങ്ങൾക്ക് ആശ്വാസമായിരുന്നു. എ.ടി.എമ്മിൽ നാണയത്തുട്ട് നിക്ഷേപിച്ചാൽ ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പിലൂടെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു ലിറ്റർ, 5 ലിറ്റർ, 10 ലിറ്റർ എന്നിങ്ങനെയായിരുന്നു കുടിവെള്ള ലഭ്യത എ.ടി.എമ്മിൽ ക്രമീകരിച്ചിരുന്നത്. ബസ് സ്റ്റോപ്പിലും ബസ്സ് സ്റ്റാൻഡിലും, ആശുപത്രിയിലും പ്രധാന കവലയിലും ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുട്ടിവെള്ളം ലഭിക്കുമെന്നത് വഴിയാത്രക്കാർക്കും തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും ഏറെ ആശ്വാസകരമായി മാറിയിരുന്നു.
അനക്കമില്ലാതെ കൗണ്ടറുകൾ
കരവാരം പഞ്ചായത്തിൽ വഞ്ചിയൂർ ജംഗ്ഷൻ, നഗരൂർ പഞ്ചായത്തിലെ കേശവപുരം സി.എച്ച്.സി, പുളിമാത്ത് പഞ്ചായത്ത് ഓഫീസിന് മുൻവശം, പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ്, പള്ളിക്കൽ പഞ്ചായത്തിൽ പള്ളിക്കൽ ജംഗ്ഷൻ എന്നിവിടങ്ങളിലായിരുന്നു വാട്ടർ എ.ടി.എം സ്ഥാപിച്ചത്. എന്നാൽ പദ്ധതി നടത്തിപ്പിലെ പിടിപ്പുകേട് കാരണം ചുരുങ്ങിയ കാലയളവിനുള്ളിൽ വാട്ടർ എ.ടി.എം കൗണ്ടറുകൾ നോക്കുകുത്തികളായി.
പദ്ധതി പുനരുജ്ജീവിപ്പിക്കണം
കുറഞ്ഞ വിലയിൽ കുടിവെള്ളമെന്ന ജനകീയ പദ്ധതി മരണശയ്യയിലായിട്ട് ആറ് വർഷം പിന്നിടുമ്പോഴും ജനപ്രിയ പദ്ധതിയെ തിരിച്ചു കൊണ്ടുവരാൻ ജനപ്രതിനിധികൾക്കോ അധികൃതർക്കോ താത്പര്യം ഇല്ലാതായി. വേനൽ കടുത്തതോടെ നാട്ടിൽ കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുന്ന വേളയിൽ കുറഞ്ഞ ചെലവിൽ കുടിവെള്ളം ലഭിക്കുന്ന ഈ പദ്ധതി പുനരുജ്ജീവിപ്പിയ്ക്കാൻ അധികൃതർക്ക് മനംമാറ്റം ഉണ്ടാകണമേയെന്ന പ്രാർത്ഥനയിലാണ് പൊതുജനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |