
കൊച്ചി: യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ബസിൽ ആശുപത്രിയിലെത്തിച്ചു. ശിശുരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില ഭദ്രമാണെന്ന് വി.പി.എസ് ലേക്‌ഷോർ അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോയ സ്വിഫ്‌റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോകാൻ കയറിയ ദമ്പതികളുടെ 10 മാസം പ്രായമായ കുഞ്ഞിനാണ് അപസ്മാരമുണ്ടായത്. കുഞ്ഞിന്റെ അവസ്ഥ കണ്ട് മാതാപിതാക്കളും സഹയാത്രക്കാരും വെപ്രാളത്തിലായി. കണ്ടക്ടർ സുനിൽ ഡ്രൈവർ പ്രേമനെ വിവരം അറിയിച്ചു. കുണ്ടന്നൂർ പിന്നിട്ട ബസ് അടുത്ത യു. ടേണെടുത്ത് ആശുപത്രിയിലേക്കെത്തി.
മുറ്റത്ത് നിറുത്തിയ ബസിൽ നിന്ന് ജീവനക്കാർ കുഞ്ഞിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഡോക്‌ടർമാർ അടിയന്തര ചികിത്സ നൽകി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി. കുഞ്ഞിന്റെ അവസ്ഥ കണ്ടപ്പോൾ ഒന്നും നോക്കിയില്ലെന്ന് കണ്ടക്ടർ സുനിൽ, ഡ്രൈവർ പ്രേമൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |