
കൊച്ചി: കടുത്ത ചുമയും ശ്വാസംമുട്ടലും പിടിമുറുക്കിയതോടെ ആശുപത്രികൾ നിറഞ്ഞു. ആഴ്ചകളായി തുടരുന്ന ചുമയും ശ്വാസംമുട്ടലും കാരണം ഉറങ്ങാൻപോലും കഴിയുന്നില്ലെന്ന പരാതിയുമായാണ് പലരും ആശുപത്രിയിലെത്തുന്നത്. മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. റോഡിലും ബസിലുമെല്ലാം ഏറ്റവും കൂടുതൽ കേൾക്കുന്ന ശബ്ദമായി ചുമ മാറി!.
കാലാവസ്ഥയും അന്തരീക്ഷമലിനീകരണവുമാണ് രോഗം വ്യാപകമാകാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. പകർച്ചപ്പനിയും പിടിമുറുക്കുന്നു. കുട്ടികളും പ്രായമായവരുമാണ് ഏറ്റവും അവശരാകുന്നത്. ശബ്ദതടസത്തിന് ഇടയാക്കുന്ന, തൊണ്ടയിലെ അണുബാധയാണ് പ്രധാന വില്ലൻ. കടുത്ത തൊണ്ടവേദന, ആഴ്ചകളോളം നീളുന്ന ശബ്ദതടസവുമുണ്ടാകുന്നു. ഇൻഫ്‌ളുവൻസ വൈറസാണ് രോഗമുണ്ടാക്കുന്നത്. ചുമയും ശ്വാസംമുട്ടലും മൂലം ഉറങ്ങാനാവാതെ രോഗി തളർന്ന് അവശനാകുന്നു.
വിട്ടുമാറാത്ത ജലദോഷം, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, തൊണ്ടവേദന, കഫക്കെട്ട്, ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയാണ് കൂടുതലായി കാണുന്നത്. പലരോഗങ്ങളുടെയും ലക്ഷണം ഒരുപോലെയാകും. ശ്വാസതടസം ആദ്യമേയുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
'പൊടി"പൂരം
വാഹനപ്പെരുപ്പം, പൊടി, പുക എന്നിവയാണ് ശ്വാസകോശ പ്രശ്‌നങ്ങൾ രൂക്ഷമാകാൻ കാരണമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. വാഹനങ്ങളുടെ എണ്ണം ഓരോ വർഷവും ഉയരുകയാണ്.
കൊവിഡല്ല വില്ലൻ
കൊവിഡ് വന്നതുകൊണ്ടാണ് ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകുന്നതെന്ന ധാരണ ശരിയല്ലെന്ന് ഡോക്ടർമാർ. സാഹചര്യങ്ങൾ മനസിലാക്കി ജീവിക്കുകയെന്നതാണ് പ്രധാനം. കൊവിഡ് കാലത്ത് അന്തരീക്ഷമലിനീകരണം വളരെ കുറവായിരുന്നെങ്കിൽ ഇപ്പോൾ തിരിച്ചാണ്. പൊടിപടലങ്ങളിൽ പ്ലാസ്റ്റിക് തരികളും രാസമാലിന്യങ്ങളും ഉള്ളിലെത്തുന്നു. ഇതു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കു കാരണമാകും.
പകരാൻ സാദ്ധ്യത
കൂടുതൽ
സുരക്ഷയ്ക്ക് വാക്‌സിൻ
എല്ലാ വർഷവും ഫ്‌ളൂ വാക്‌സിൻ എടുക്കുന്നത് സുരക്ഷിതമാണ്. വയോധികരും ആരോഗ്യപ്രശ്‌നമുള്ളവരും നിർബന്ധമായും എടുക്കണം. ഒക്ടോബർ-നവംബർ മാസങ്ങളിൽ വാക്‌സിൻ എത്തും.
ന്യുമോണിയ വാക്‌സിനും ലഭ്യമാണ്. മാറിയ സാഹചര്യങ്ങളിൽ ഈ പ്രതിരോധം ആവശ്യമാണ്. ഒരു തവണയെടുത്താൽ ജീവിതകാലം മുഴുവൻ സംരക്ഷണം കിട്ടുന്ന വാക്‌സിനാണ് ഇപ്പോഴുള്ളത്.
ഡോ. സണ്ണി പി. ഓരത്തേൽ,
കൺസൽട്ടന്റ് ഫിസിഷ്യൻ,
രാജഗിരി ഹോസ്പിറ്റൽ, ആലുവ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |