അടുത്ത സുഹൃത്ത് മരിച്ചു. അനുശോചനമറിയിക്കാൻ പരേതന്റെ വീട്ടിലെത്തി. അവിടെ ആൾക്കൂട്ടം. പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും വർത്തമാനം പറയുന്നവർ. ഒരു പരിചയക്കാരൻ പറഞ്ഞു- 'ഒത്തിരിക്കാലമായല്ലോ കണ്ടിട്ട്".
ഞാൻ പറഞ്ഞു- 'ഇങ്ങനെയൊക്കെയല്ലേ കാണാൻ പറ്റു".
പരിചയക്കാരെ കാണാനും വർത്തമാനം പറയാനുമുള്ളതാണ് ഇന്ന് മരണവീടുകൾ.
മര്യാദയില്ലാതെ ചിരിച്ചും ലോകകാര്യങ്ങൾ പറഞ്ഞും അവിടെ ആളുകൾ കൂട്ടുംകൂടുന്നു. മൃതദേഹത്തിനരികിലിരിക്കുന്ന അടുത്ത ബന്ധുക്കൾക്ക് മാത്രമുണ്ട് ദുഃഖം. പരേതനുപോലും ദുഃഖമില്ല. പരേതൻ മരിച്ചുപോയതാണ്. ഇനി ദുഃഖിച്ചിട്ടെന്തുകാര്യം.
അകത്തിരിക്കുന്നവർ കരയുന്നു. പുറത്തുനിന്ന് നമ്മൾ ചിരിക്കുന്നു. മരണത്തിലെ സങ്കടം കൊണ്ടല്ല ആരും അവിടെയെത്തുന്നത്. തലകാണിക്കാനാണ്. പരേതനെ തലകാണിച്ചിട്ട് കാര്യമില്ല. ജീവിച്ചിരിക്കുന്ന പരേതന്റെ ബന്ധുക്കളെ തല കാണിച്ചതുകൊണ്ടേ പ്രയോജനമുള്ളൂ. മരിച്ചുപോയവരെക്കൊണ്ടല്ല. ജീവിച്ചിരിക്കുന്നവരെക്കൊണ്ടാണ് നമുക്ക് പ്രയോജനം. അത് അറിയാവുന്നതുകൊണ്ട് നാട്ടുകാരെ കാണിക്കാനായി തലയുമായി നമ്മൾ ഓടിനടക്കുന്നു.
നമ്മുടെ തല വിശേഷപ്പെട്ട സാധനമാണെന്നും അത് മരണവീടുകളിൽ പോലും പ്രദർശിപ്പിക്കാനുള്ളതാണെന്നും നമ്മൾ കരുതുന്നു. മറ്റൊരാളുടെ മരണത്തിൽ സങ്കടമില്ലാതെ നമ്മൾ തലതിരിഞ്ഞുപോയത് അടുത്ത കാലത്താണ്. പണ്ട് അടുത്തറിയാത്തവർ മരിച്ചാൽ പോലും ആളുകൾ സങ്കടപ്പെടുമായിരുന്നു. ചങ്ങമ്പുഴയുടെ രമണൻ വായിച്ച് കരഞ്ഞവരാണ് മലയാളികൾ. കഥകളും നോവലുകളും വായിക്കുമ്പോഴും സിനിമ കാണുമ്പോഴും പഴയ മനുഷ്യർക്ക് സങ്കടം വരുമായിരുന്നു. പണ്ട് പത്രത്തിൽ പെരുമൺ തീവണ്ടി അപകടത്തിന്റെ വാർത്ത വായിച്ച് കരഞ്ഞവരുണ്ട്. ആ അപകടത്തിൽ മരിച്ചവരെക്കുറിച്ച് വീട്ടിലും നാട്ടിലും എത്രയോ ദിവസം ആളുകൾ പറഞ്ഞുകൊണ്ടിരുന്നു. നാട്ടിൽ എവിടെയെങ്കിലും നിലവിളി കേട്ടാൽ ഓടിയെത്തുന്നവരായിരുന്നു പഴയ മനുഷ്യർ.
മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും വെടിയേറ്റ് മരിച്ചപ്പോൾ സങ്കടപ്പെട്ടവരാണ് അവർ. ഇം.എം.എസ് നമ്പൂതിരിപ്പാട് മരിച്ചപ്പോൾ അവർക്ക് വേദനിച്ചിരുന്നു. ഇന്ന് ഒരു രാഷ്ട്രീയ നേതാവ് മരിക്കുമ്പോൾ അവധി കിട്ടുമോ എന്നാണ് ആളുകൾ ചോദിക്കുന്നത്. മറ്റുള്ളവരുടെ മരണം ഇന്ന് നമ്മളെ വേദനിപ്പിക്കുന്നില്ല. മറ്റുള്ളവരെയോർത്ത് കരയാൻ നമുക്ക് കഴിയുന്നില്ല. നമ്മൾ മനുഷ്യരാണോ? എനിക്ക് സംശയമുണ്ട്.
മറ്റൊരാളുടെ മരണത്തിൽ സങ്കടമില്ലാതെ നമ്മൾ തലതിരിഞ്ഞുപോയത് അടുത്ത കാലത്താണ്. പണ്ട് അടുത്തറിയാത്തവർ മരിച്ചാൽ പോലും ആളുകൾ സങ്കടപ്പെടുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |