കൊല്ലം: ആമയും അണ്ണാനും ഒട്ടകവും കംഗയം കാളയും ഉൾപ്പെട്ട അലങ്കാര മൃഗങ്ങൾ ഒരുമിച്ചത്തിയതോടെ ആശ്രാമം മൈതാനത്ത് ആഘോഷത്തിന് തുടക്കമായി. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി ജില്ലാ മൃഗ സംരക്ഷണ വകുപ്പാണ് പ്രദർശനം സംഘടിപ്പിച്ചത്.
ഇഗ്വാനകളും വെള്ള മയിൽക്കോഴിയും വന്നതോടെ ആരാധകരേറി. തഴുകിയും തലോടിയും സെൽഫിയെടുത്തും കുട്ടികളും ഇവയ്ക്കൊപ്പം ചേർന്നു. ആഫ്രിക്കൻ ബാൾ പെരുമ്പാമ്പ് പേടിപ്പിച്ചാൽ പന്തുപോലെ ചുരുളും. ചൈനയിലെ സിംഗ് ആടുകളുടെ വില
ലക്ഷങ്ങളാണ്. വിരൽ വലിപ്പമുള്ള കുഞ്ഞൻ ആമകൾ, പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, അലങ്കാര ചിലന്തികളായ ഗോൾഡൻ ടൊറൻ്റുല എന്നിവർ താരനിരയിലുണ്ട്. രോമപ്പട്ടു പുതച്ച അംഗോറ വർഗ്ഗത്തിൽ പെട്ട മുയലുകൾ ഏറെ കൗതുകമായി
പല്ലി വർഗ്ഗത്തിലെ ഇഗ്വാനകളെ മാനസിക സംഘർഷമൊഴിവാക്കുന്ന പെറ്റ് തെറാപ്പി ചികിൽസയ്ക്കായി ഉപയോഗിക്കും.
സുനാമി, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്തുന്ന ഫെസന്റ് പക്ഷികൾ ഭൗമ ശാസ്ത്രജ്ഞന്മാരുടെ തോഴരാണ്.
പ്രാവുകൾ, ചെറുതത്തകൾ, അലങ്കാര പൂച്ചകൾ, അലങ്കാരക്കോഴികൾ എന്നിവയുമുണ്ട്. സ്റ്റാൾ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പെറ്റ് ഫെസ്റ്റിവലിൽ അരുമകളെ പങ്കെടുപ്പിക്കാൻ താല്പര്യപ്പെടുന്നവർക്കും അവസരമുണ്ടാകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി. ഷൈൻകുമാർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |