മലപ്പുറം: ജപ്പാൻ മസ്തിഷ്‌ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂളികളിലും അങ്കണവാടികളിലും എട്ട് മുതൽ നൽകി വരുന്ന വാക്സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ അപൂർവ്വമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാമെങ്കിലും അവ താനേ സുഖപ്പെടുന്നവയാണെന്നും സംസ്ഥാനതല ഇമ്മ്യൂണൈസേഷൻ സാങ്കേതിക സമിതി വിലയിരുത്തിയാതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ.റീന അറിയിച്ചു. ജപ്പാൻ ജ്വരത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് ദേശീയ തലത്തിൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജപ്പാൻ മസ്തിഷ്‌ക ജ്വരത്തിനെതിരെ കേരളത്തിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും 2009 മുതൽ തന്നെ ജപ്പാൻ ജ്വരത്തിനെതിരെ വാക്സിൻ കുട്ടികൾക്ക് നൽകിവരുന്നുണ്ട്. വാക്സിനേഷൻ നൽകിവരുന്ന ജില്ലകളിൽ ഇതുവരെ ഒരു കുട്ടിക്കും ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ല.
നിലവിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ രണ്ട് കുട്ടികളിൽ കണ്ടെത്തിയ ലഘുവായ പാർശ്വഫലങ്ങൾ വാക്സിൻ മൂലമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളുടെ ആരോഗ്യനില സാധാരണമാണെന്ന് സാങ്കേതിക സമിതി വിലയിരുത്തി. എങ്കിലും മുൻപ് പനി മൂലമുള്ള ജന്നി ബാധിച്ചിട്ടുള്ള കുട്ടികളെ തത്കാലം സ്‌കൂളുകളിൽ വാക്സിനേഷൻ നല്കുന്നതിൽ നിന്ന് ഒഴിവാക്കാനും അവർക്ക് ആശുപത്രീയിൽ വച്ച് മാത്രം വാക്സിൻ നൽകാനും സമിതി ശുപാർശ ചെയ്തു. കൂടാതെ വാക്സിൻ എടുക്കുന്ന എല്ലാ കുട്ടികൾക്കും വയസിനനുസരിച്ച് ഒരു ഡോസ് പാരസെറ്റമോൾ ഗുളിക കൂടി നൽകാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
പന്നി, കന്നുകാലികൾ, എരുമ, പോത്ത് ചിലയിനം പക്ഷികൾ എന്നിവയിലാണ് ഈ വൈറസുകൾ സാധാരണയായി കാണപ്പെടുന്നത്. മൽപ്പറഞ്ഞ ജന്തുക്കളിൽ വൈറസ് പെരുകി വളരുന്നതിനാലും അവയിൽ രോഗലക്ഷങ്ങൾ ഉണ്ടാകാത്തതിനാലും രോഗാണുനിർമ്മാർജ്ജനം നിലവിൽ സാദ്ധ്യമല്ല. എന്നാൽ കൊതുകു നിയന്ത്രണവും പ്രതിരോധ കുത്തിവയ്പ്പും വഴി മനുഷ്യരിലെ രോഗബാധ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ കഴിയും.
സ്വയമേവ മാറുന്ന ലഘുവായ പാർശ്വഫലങ്ങളെ ഭയന്ന് ഈ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുന്നത് വളരെ ഗുരുതരമായ രോഗത്തിനും അതിന്റെ ഭവിഷത്തുകൾക്കും സാദ്ധ്യത കൂട്ടുന്നുവെന്നും ഡയറക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |