
തുറവൂർ: വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി അരൂക്കുറ്റി ജയിലിൽ ഒരുമാസം തടവിലായിരുന്ന തമിഴ് നവോത്ഥാന നായകൻ ഇ.വി.രാമസ്വാമി പെരിയാറിന്റെ സ്‌മരണ നിലനിർത്തുന്നതിനായി അരൂക്കുറ്റിയിൽ സ്ഥാപിക്കുന്ന സ്മാരകത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അയിത്തവിരുദ്ധ സമരത്തിന്റെ നിർണായക ഘട്ടങ്ങൾക്ക് സാക്ഷിയായ ഈ മണ്ണിൽ ഉയരുന്ന സ്മാരകം, സാമൂഹ്യനീതിക്കായുള്ള പെരിയാറിന്റെ സമരജീവിതം വരും തലമുറകൾക്ക് പരിചയപ്പെടുത്തുന്ന കേന്ദ്രമാകുക എന്നതാണ് ലക്ഷ്യം.
തമിഴ്നാട് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം സംസ്ഥാനം വിട്ടുനൽകിയ അരൂക്കുറ്റിയിലെ 65.5 സെന്റ് ഭൂമിയിലാണ് സ്മാരകം നിർമ്മിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ അവസാനം തമിഴ്നാട് മന്ത്രി എ.വി. വേലു തറക്കല്ലിട്ട പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
1924 മെയ് 21നാണ് വൈക്കം സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുത്തതിന് പെരിയാർ അറസ്റ്റിലായി അരൂക്കുറ്റി ജയിലിൽ എത്തിച്ചത്. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും അതിർത്തിപ്രദേശമായിരുന്നു അരൂക്കുറ്റി. ജയിലിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നതാണ് ഈ സ്ഥലത്തിന് അധിക പ്രാധാന്യം നൽകുന്നത്.
2024 ഡിസംബറിൽ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് തമിഴ്നാട് സർക്കാർ നവീകരിച്ച തന്തൈ പെരിയാർ സ്മാരകവും ഗ്രന്ഥശാലയും നാടിന് സമർപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് അരൂക്കുറ്റിയിലെ ഈ സ്മാരകം. അറസ്റ്റും തടവുമെന്ന അടയാളത്തിലൂടെ സാമൂഹ്യനീതിക്കായുള്ള മഹത്തായ പോരാട്ടത്തെ ഓർമിപ്പിക്കുന്ന ഈ സ്മാരകം ചരിത്ര ഗവേഷകരുടെയും സഞ്ചാരികളുടെയും പ്രധാന കേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.
രൂപകൽപ്പന ജയിൽ മാതൃകയിൽ
ജയിലിന്റെ മാതൃകയിലാണ് സ്മാരകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, പ്രദർശന ഹാൾ, പാർക്ക്, മറ്റ് വിനോദസഞ്ചാര സൗകര്യങ്ങൾ എന്നിവ സ്മാരകത്തിന്റെ ഭാഗമായിരിക്കും. വൈക്കം സത്യാഗ്രഹകാലത്ത് പെരിയാർ പാണാവള്ളി കൃഷ്ണൻ വൈദ്യരുടെ ഭവനത്തിൽ എത്തിയതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. സാമൂഹ്യപരിഷ്കാര പ്രസ്ഥാനങ്ങളോട് ആത്മബന്ധം പുലർത്തിയിരുന്ന കൃഷ്ണ വൈദ്യരുടെ പിന്തുണ പെരിയാറിന്റെ കേരളബന്ധത്തെ കൂടുതൽ ഊട്ടിയുറപ്പിച്ചു. ഈ ബന്ധങ്ങൾ ഉൾപ്പെടുത്തിയാണ് സ്മാരകം നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |