
തലശ്ശേരി: നിർദ്ദിഷ്ട തീരദേശ ഹൈവേ തലശ്ശേരി പട്ടണത്തിലൂടെ കടന്നുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി പട്ടണ വ്യാപാര തൊഴിൽ സംരക്ഷണ സമിതി. ഹൈവേയുടെ അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് സമിതി നാളെ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഏകദിന ഉപവാസം സംഘടിപ്പിക്കും.നേരത്തെ പദ്ധതിക്കെതിരെ ഒപ്പുശേഖരണവും കടയടച്ച് പ്രതിഷേധവും ജനകീയ കൂട്ടായ്മയും നടത്തിയ സമരസമിതി പ്രക്ഷോഭത്തിന്റെ അടുത്തഘട്ടമായാണ് ഉപവാസസമരം നടത്തുന്നത്.
നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന സമരത്തിൽ വിവിധ വ്യാപാരതൊഴിലാളി സംഘടനകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 11 പേരാണ് ഉപവസിക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സമരം ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായിസമിതി സംസ്ഥാന കമ്മിറ്റിയംഗം എം.എ.ഹമീദ് ഹാജി സംസാരിക്കും. വിവിധ സംഘടന നേതാക്കളും സമരത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്.
മെയിൻ റോഡിലെ നാനൂറ് കടകൾ പൊളിക്കണം
നിലവിലെ പ്ലാൻ അനുസരിച്ച് ഹൈവേ നിർമ്മിച്ചാൽ തലശ്ശേരി മെയിൻ റോഡിലെ നാനൂറിലധികം വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും പൊളിച്ചുമാറ്റേണ്ടി വരുമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ഇത് ആയിരത്തിലധികം തൊഴിലാളികളുടെയും വ്യാപാരികളുടെയും കുടുംബങ്ങളെ വഴിആധാരമാക്കുമെന്ന ആശങ്കയും ഇവർ പങ്കുവച്ചു.
തീരദേശഹൈവേക്കെതിരെ നേരത്തെ തന്നെ തലശ്ശേരിയിൽ പ്രതിഷേധം ഉയർന്നിരുന്നു.
വലിയങ്ങാടിയിൽ സർവേ നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ നവംബറിൽ വ്യാപാരികളും ചുമട്ടു തൊഴിലാളികളും തടഞ്ഞു തിരിച്ചയച്ചു.ദേശീയപാതയിൽ സൈദാർപള്ളി മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗമാണ് നഗരത്തിലെ വലിയങ്ങാടി. ഇവിടെ പതിറ്റാണ്ടുകളായി വ്യാപാരം ചെയ്യുന്നവരെ ഇറക്കിവിട്ടുള്ള ഹൈവേ നിർമ്മാണം അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
അലൈൻമെന്റ് മാറ്റും വരെ സമരം
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് പട്ടണ വ്യാപാര തൊഴിൽ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.അലൈൻമെന്റ് മാറ്റുന്നത് വരെ സമാധാനപരമായ സമരം തുടരുമെന്ന് നേതാക്കളായ കെ.എൻ. പ്രസാദ്, പി.കെ. നിസാർ, പി.പി. കബീർ, ഇ.എ. ഹാരീസ്, അനൂപ് കുമാർ, സി പി.അഷറഫ്, ടി.കെ.പ്രശാന്ത്, എച്ച്.യോഗേഷ് റാവു, പി.എം.വിനോദ് കുമാർ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |