
കൂത്തുപറമ്പ്: ലീഫ് ആർട്ടിലൂടെ ജിജീഷ് കൊളുത്തുപറമ്പ് എന്ന യുവകലാകാരൻ സൃഷ്ടിക്കുന്ന വിസ്മയങ്ങൾ ആരെയും അതിശയിപ്പിക്കുന്നതാണ്.ശ്രീനാരായണഗുരു, മഹാത്മാഗാന്ധി, കുഞ്ചൻ നമ്പ്യാർ, ചാപ്ലിൻ,മോഹൻലാൽ , ശ്രീനിവാസൻ എന്നിവരുടെ ജീവൻ തുടിക്കുന്ന ഒന്നാന്തരം ചിത്രങ്ങൾ. തന്റെ സുഹൃത് വലയത്തിലുള്ളവരുടെ ചിത്രങ്ങൾ അടക്കം ഇതിനകം നൂറിലധികം ചിത്രങ്ങൾ ജീജീഷ് പ്ളാവിലയിൽ ഒരുക്കിയിട്ടുണ്ട്.
കൂത്തുപറമ്പിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജിജീഷ് ഒഴിവുസമയങ്ങളിലാണ് ഇല ചിത്രങ്ങൾ ഒരുക്കുന്നത്. ആരും പഠിപ്പിച്ചതല്ല ഈ രീതി. ചിത്രരചനയും പെയിന്റിംഗും കളിമൺ ശില്പനിർമ്മാണവും വഴങ്ങിയപ്പോൾ പിറന്നുവീണ ചിത്രങ്ങളും ശില്പങ്ങളും ഒരു പ്രതിഭയുടെ സ്പർശം വിളിച്ചുപറയുന്നവയാണ്.അടുത്ത ബന്ധു വഴിയാണ് ലീഫ് ആർട്ട് മനസ്സിലാക്കിയത്. പിന്നെ ഒരു പരീക്ഷണം എന്ന നിലയിൽ പ്ലാവിലയിൽ ചിത്രങ്ങൾ വരച്ചു തുടങ്ങി.ആത്മവിശ്വാസമായപ്പോൾ ലീഫ് ആർട്ടിലേക്ക് പൂർണമായും ശ്രദ്ധ തിരിച്ചു.
ഒരു ചിത്രം തയ്യാറാക്കാൻ കുറഞ്ഞത് മൂന്നു മണിക്കൂർ സമയം എടുക്കുമെന്ന് ജീജീഷ് പറഞ്ഞു.
ലീഫ് ആർട്ടിന്റെ പ്രമോ വീഡിയോ എടുക്കാൻ ഭാര്യ ജിൻസിയും കൂടെയുണ്ടാകും.അഞ്ചുമണിക്കൂർ ഏകാഗ്രമായി ഇരുന്നാണ് ശ്രീനാരായണ ഗുരുവിന്റെ ചിത്രം പൂർത്തിയാക്കിയതെന്ന് ജീജീഷ് പറയുന്നു. സ്റ്റെൻസിൽ രൂപമാക്കുന്നതാണ് ആദ്യപടി. പിന്നീട് ഇത് ഇലയിലേക്ക് പകർത്തുന്നതാണ് ആദ്യപടി. പിന്നീട് ക്രാഫ്റ്റ് ലീഫ് കട്ടർ ഉപയോഗിച്ച് ചിത്രത്തിനനുസരിച്ച് മുറിച്ചെടുക്കും. ലീഫ് ആർട്ടിൽ തയ്യാറാക്കിയ ഛായാചിത്രം സംഗീതസംവിധായകൻ എം.ജയചന്ദ്രന് നൽകിയിട്ടുണ്ട് ജീജീഷ്.ജിദേവ് , ഇഷാൻവി എന്നിവരാണ് ജീജീഷ്- ജിൻസി ദമ്പതികളുടെ മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |