
ആലപ്പുഴ: ഉപയോഗ ശൂന്യമായി അലമാരയിൽ സൂക്ഷിച്ചിട്ടുള്ള നിറംമങ്ങിയതോ കറ പിടിച്ചതോ ആയ പ്രിയപ്പെട്ട വസ്ത്രങ്ങൾ ഇനി ധൈര്യമായി പുറത്തെടുക്കാം. ഇവ പുതിയ നിറത്തിലും ഡിസൈനിലും തനതായ രീതിയിൽ പുനരുപയോഗിക്കാനുള്ള വഴിതുറന്നിടുകയാണ് ചെന്നൈയിൽ ഐ.ടി രംഗത്ത് ജോലി ചെയ്യുന്ന അമൽ സനൽ എന്ന 30കാരൻ.
കരുനാഗപ്പള്ളി വള്ളിക്കാവ് പുത്തൻപുരയ്ക്കൽ മുൻ സൈനികൻ പരേതനായ സനൽകുമാർ പിള്ളയുടെയും അനിത സനലിന്റെയും മകനാണ് അമൽ സനൽ. കഴിഞ്ഞ രണ്ട് വർഷമായി ഈ മേഖലയിൽ സജീവമായ അമൽ പുത്തൻ പരീക്ഷണങ്ങളിലൂടെ തുണികൾ പുനരുപയോഗിക്കാനുള്ള സാദ്ധ്യതകൾ കണ്ടെത്തുകയാണ്. സ്വയംതൊഴിൽ ആഗ്രഹിക്കുന്നവർക്കായി വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സൗജന്യമായും അല്ലാതെയും ശില്പശാലകളും നടത്തുന്നുണ്ട്.
ഇലകൾ പച്ച, പൂക്കൾ മഞ്ഞ
ഇലകളും പൂക്കളും ഉപയോഗിച്ച് ഡൈ ചെയ്തും ഡിസൈൻ ചെയ്തുമാണ് പഴയ തുണികൾക്ക് അമൽ പുതുജീവൻ നൽകുന്നത്. ഡിസൈൻ നൽകുന്നതിന് തേക്കിന്റെ ഇല, ചെമ്പരത്തി, പനിക്കൂർക്ക, ചെണ്ടുമല്ലി, സവാളയുടെ തൊലി എന്നിവയാണ് ഉപയോഗിക്കുന്നത്. പതിമുകം, നാൽപ്പാമരം, മഞ്ഞൾ എന്നിവയാണ് നിറങ്ങൾക്കായി ഉപയോഗിക്കുന്നത്. നിശ്ചിത അളവിൽ ഇതിൽ ഇരുമ്പ്, കോപ്പർ, ആലം എന്നിവ അലിയിച്ച വെള്ളം ചേർക്കുമ്പോൾ വിവിധ നിറങ്ങൾ തെളിയും.
ശാസ്ത്രീയമായ രീതിയിലാണ് തുണിത്തരങ്ങൾ ഡൈ ചെയ്യുന്നതും ഡിസൈൻ ചെയ്യുന്നതും. ഇലകളും പൂക്കളും അവയിൽ ഒട്ടിച്ച് പ്രത്യേക രീതിയിൽ മടക്കിക്കെട്ടി മണിക്കൂറുകളോളം പുഴങ്ങിയും ഉണക്കിയും എടുക്കണം. ഒരു തുണി നിറം മാറ്റിയെടുക്കാൻ അഞ്ചോ ആറോ ദിവസം വേണ്ടിവരും. ഒരുതുണിക്ക് കൊറിയർ ചെലവ് അടക്കം 500 രൂപയാണ് നിരക്ക്. ഇതുകൂടാതെ, തുണികളെ പൗച്ച്, ബാഗ് എന്നിവയാക്കിയും നൽകുന്നുണ്ട്.
പ്രിയപ്പെട്ടവർ നൽകിയ സമ്മാനങ്ങളടക്കം ഇത്തരത്തിൽ മാറ്റിയെടുക്കാൻ ലഭിക്കാറുണ്ട്. ഒരു വസ്ത്രം പല തരത്തിൽ പുതുമയോടെ മാറ്റിയെടുക്കാം
- അമൽ സനൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |