
കൊച്ചി: നാല് കോടി മൂല്യമുള്ള സ്റ്റാമ്പ്. അതും ലോകത്തിലെ ആദ്യസ്റ്റാമ്പ്. ബ്രിട്ടൻ പുറത്തിറക്കിയ പെന്നി ബ്ലാക്ക് എന്ന സ്റ്റാമ്പാണത്. 1840 മേയ് ഒന്നിനാണ് ഈ സ്റ്റാമ്പ് പുറത്തിറങ്ങിയത്. വിക്ടോറിയ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത കറുത്ത ചെറിയ സ്റ്റാമ്പ് പല രാജ്യങ്ങളിൽ ലേലത്തിൽ പോയിട്ടുണ്ട്. നാല് കോടി രൂപയ്ക്ക് വരെ ഈ സ്റ്റാമ്പ് ലേലം കൊണ്ടു. കേരള പോസ്റ്റൽ സർക്കിൾ സംഘടിപ്പിക്കുന്ന 15-ാമത് സംസ്ഥാന ഫിലാറ്റലിക് പ്രദർശനമായ കെരാപെക്‌സ്- 2026ലാണ് ഈ സ്റ്റാമ്പുള്ളത്. ഇതിനു സമാനമായി വിലപിടിപ്പുള്ള നിരവധി സ്റ്റാമ്പുകളാണ് പ്രദർശനത്തിലുള്ളത്.
പെന്നി ബ്ലാക്ക് പുറത്തിറങ്ങി 12 വർഷത്തിനു ശേഷം 1852ൽ പുറത്തിറങ്ങിയ ഏഷ്യയിലെ ആദ്യ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് ഇന്ത്യയിൽ പുറത്തിറങ്ങിയിരുന്നു. സിന്ധ് പ്രവിശ്യയിൽ ഉപയോഗിച്ചിരുന്ന ഈ സ്റ്റാമ്പ് ഇന്ത്യൻ തപാൽ ചരിത്രത്തിലെ അമൂല്യ ശേഖരങ്ങളിലൊന്നാണ്. ലേലവിപണിയിൽ കോടികളാണ് ഇവയുടെ വില.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആദ്യ വാർഷികത്തിൽ ഗാന്ധിജിയോടുള്ള ആദര സൂചകമായി പുറത്തിറക്കിയ ആദ്യ പേഴ്‌സണാലിറ്റി ഇന്ത്യൻ സ്റ്റാമ്പുകളും പ്രദർശനത്തിലുണ്ട്. ഗാന്ധിയൻ സ്റ്റാമ്പുകളിൽ ഒന്ന് സർവീസ് ഓവർ പ്രിന്റ് എന്ന വിഭാഗത്തിലെ സ്റ്റാമ്പാണ്. ഈ സ്റ്റാമ്പുകളിൽ ഒന്ന് 2007ൽ ലണ്ടനിൽ ലേലം കൊണ്ടത് അഞ്ച് ലക്ഷം യൂറോയ്ക്കാണ്.
10 കോടിയുടെ ഇൻഷ്വറൻസ്
വിലപിടിപ്പും അസാധാരണ മൂല്യവുമുള്ള സ്റ്റാമ്പുകളാണ് പ്രദർശനത്തിലുള്ളതെന്നതിനാൽ ഇവിടെയുള്ള 455 ഫ്രെയിമുകളിലെ ആയിരക്കണക്കിന് വരുന്ന സ്റ്റാമ്പുകൾ 10 കോടി രൂപയ്ക്കാണ് ഓറിയന്റൽ കമ്പനിയിൽ ഇൻഷ്വർ ചെയ്തിരിക്കുന്നത്. നാല് ദിവസം പ്രീമിയം 47,790 രൂപ.
പുരാവസ്തു വകുപ്പ് അനുമതി നിർബന്ധം
ഈ സ്റ്റാമ്പുകൾ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ സ്റ്റാമ്പിന്റെ ഉടമസ്ഥൻ പുരാവസ്തു വകുപ്പിന്റെ അനുമതിവാങ്ങണം. ഒപ്പം അത് തിരികെ എത്തിച്ചുവെന്നതും ഔദ്യോഗികമായി രേഖപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |