
പൂച്ചാക്കൽ: തലമുറകളായി പെരുമ്പളം ദ്വീപ് നിവാസികൾ നെഞ്ചിലേറ്റിയ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ഒറ്റപ്പെട്ടു കിടന്നിരുന്ന പെരുമ്പളത്തിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി പെരുമ്പളം പാലം അടുത്ത മാസം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. നിർമാണം പൂർത്തിയായ പാലത്തിലേക്കുള്ള ഇരുകരകളിലെയും അപ്രോച്ച് റോഡുകളുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുകയാണ് ലക്ഷ്യം.വേമ്പനാട്ടുകായലിലെ ഈ പാലം തുറന്നുകൊടുക്കുന്നതോടെ, സംസ്ഥാനത്ത് കായലിലെ ഏറ്റവും നീളം കൂടിയ പാലമായി പെരുമ്പളം മാറും. ഗതാഗതം സജ്ജമാകുന്നതോടെ പെരുമ്പളം ദ്വീപ് വികസനത്തിന്റെ പുതിയ കേന്ദ്രമായി മാറും.ഏകദേശം 12,000 പേർ താമസിക്കുന്ന ആറു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്.
2019ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി തന്നെയാണ് ഈ മഹാപദ്ധതിയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിരന്തരമായ ഇടപെടലുകളാണ് ഈ സ്വപ്നപദ്ധതിക്ക് വഴിയൊരുക്കിയത്.
നിർമ്മാണ നടപടികൾ വേഗത്തിലാക്കാൻ അരൂർ എം.എൽ.എ ദലീമ നടത്തിയ ഇടപെടലുകളും ഫലം കണ്ടു.
രൂപകൽപ്പന ബോസ്റ്റ്രിംഗ് മാതൃകയിൽ
ദേശീയ ജലപാത കടന്നുപോകുന്ന ഭാഗമായതിനാൽ ബാർജുകൾക്കും വമ്പൻ ബോട്ടുകൾക്കും തടസമില്ലാതെ കടന്നുപോകാൻ കഴിയുന്ന ബോസ്റ്റ്രിംഗ് മാതൃകയിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വടുതല ഭാഗത്തും പെരുമ്പളം ഭാഗത്തുമായി 300 മീറ്റർ വീതിയുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ചേർത്തല–അരൂക്കുറ്റി റോഡിൽ നിന്ന് പെരുമ്പളം വഴി വൈക്കം–പൂത്തോട്ട–തൃപ്പൂണിത്തറ സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്നതിന്റെ ആദ്യഘട്ടമാണ് ഈ പാലം.
പെരുമ്പളം പാലം
നീളം: 1157 മീറ്റർ
വീതി : 11 മീറ്റർ
ചെലവ്: 100 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |